ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മറ്റാരെയെങ്കിലുമോ താന്‍ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. അവര്‍ക്ക് തന്നെ തൊടാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. അരുണാചല്‍പ്രദേശില്‍ ചൈന ഗ്രാമമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ വിമര്‍ശിച്ചിരുന്നു. ഇതിനെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
'കാര്‍ഷിക മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക നിയമങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരെ ഞാന്‍ നൂറുശതമാനവും പിന്തുണയ്ക്കുന്നു. രാജ്യത്തെ ഓരോ വ്യക്തിയും കര്‍ഷകരെ പിന്തുണയ്ക്കണം. കാരണം അവര്‍ നമുക്ക് വേണ്ടിയാണ് പോരാടുന്നത്. കര്‍ഷകര്‍ക്ക് യാഥാര്‍ഥ്യമറിയാം. എല്ലാ കര്‍ഷര്‍കര്‍ക്കും രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത് എന്ന് അറിയാം. നഡ്ഡാജി ഭട്ട പര്‍സൗളില്‍ ഉണ്ടായിരുന്നില്ല. എനിക്ക് ഒരു വ്യക്തി വൈശിഷ്ട്യം ഉണ്ട്. ഞാന്‍ നരേന്ദ്രമോദിയെയോ, മറ്റാരെങ്കിലുമോ ഭയപ്പെടുന്നില്ല. അവര്‍ക്കെന്നെ തൊടാനാകില്ല, പക്ഷേ വെടിവെയ്ക്കാനാകും. ഞാന്‍ ദേശസ്‌നേഹിയാണ്. എന്റെ രാജ്യത്തെ ഞാന്‍ സംരക്ഷിക്കും.'2011 മെയ് മാസം ഉത്തര്‍പ്രദേശിലെ ഭട്ട പര്‍സൗളിലെ ഭൂമി ഏറ്റെടുക്കല്‍ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
നഡ്ഡയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം ആരാണെന്നും രാഹുല്‍ ചോദിച്ചു. 'നഡ്ഡയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാന്‍ അദ്ദേഹം ആരാണ്? എന്റെ പ്രൊഫസറാണോ? ഞാന്‍ രാജ്യത്തിന് മറുപടി നല്‍കിക്കൊള്ളാം'.
രാഹുലിന് ഇരട്ടത്താപ്പാണ്. അദ്ദേഹം കര്‍ഷകരെ പ്രകോപിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയുമാണ്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ മാത്രമാണോ രാഹുലിന് കര്‍ഷകരോട് സഹതാപം?. അവധിക്കാലം കഴിഞ്ഞ് തിരിച്ചെയെത്തിയ രാഹുല്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും നഡ്ഡ ട്വീറ്റ് ചെയ്തിരുന്നു.
Content Highlights: Not afraid of Narendra Modi says Rahul Gandhi