ബറേലി (യു.പി): രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍. ഉത്തരേന്ത്യയിലെ യുവാക്കള്‍ക്ക് യോഗ്യത ഇല്ലാത്തുകൊണ്ടാണ് ജോലി കിട്ടാത്തതെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ഗംഗ്വാര്‍ അഭിപ്രായപ്പെട്ടു.
പരാമര്‍ശം വിവാദമായതോടെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കടുത്ത തൊഴിലില്ലായ്മ മൂലം ദുരിതം അനുഭവിക്കുന്ന യുവാക്കളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. കേന്ദ്രമന്ത്രി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ആവശ്യപ്പെട്ടു.
ബറേലിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ വിവാദ പരാമര്‍ശം നടത്തിയത്. 'രാജ്യത്ത് തൊഴിലില്ലായ്മ ഇല്ല. എന്നാല്‍ ഉദ്യോഗാര്‍ഥികളെ തേടുന്ന കമ്പനികള്‍ ഇവിടുത്തെ യുവാക്കള്‍ അയോഗ്യരാണെന്നാണ് പറയുന്നത്' - കേന്ദ്രമന്ത്രി പറഞ്ഞു. നിരവധി തൊഴില്‍ അവസരങ്ങളാണ് യുവാക്കള്‍ക്ക് മുന്നിലുള്ളത്. എംപ്ലോയിമെന്റ് ഓഫീസുകളും കേന്ദ്ര മന്ത്രാലയവും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മാന്ദ്യം എന്നൊക്കെ പറയുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഒരുവശത്ത് രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. മറുവശത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഗുരുതരമായ പ്രശ്നം പരിഹരിക്കുന്നതിന് പകരം കേന്ദ്രമന്ത്രി യുവാക്കള്‍ അയോഗ്യരാണെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Content Highlights: North Indian youths Incapable of getting jobs - Union Minister