.jpg?$p=9ce42ae&f=16x10&w=856&q=0.8)
പ്രതീകാത്മക ചിത്രം | Mathrubhumi archives
മുംബൈ: റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ഏതാനുംവര്‍ഷങ്ങളായി നിഷ്‌ക്രിയ ആസ്തി കുറയ്ക്കാന്‍ ബാങ്കുകള്‍ കഠിനശ്രമത്തിലാണ്. എന്നാല്‍, കാര്‍ഷികവായ്പകളിലെ നിഷ്‌ക്രിയ ആസ്തി ഉയരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
വാണിജ്യബാങ്കുകളിലെ കിട്ടാക്കടം 2021 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തികവര്‍ഷം 7.8 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു. 2021 ഡിസംബര്‍ 31-ലെ കണക്കുപ്രകാരം ഇത് 5.60 ലക്ഷം കോടി രൂപയിലെത്തി. എന്നാല്‍, കാര്‍ഷികരംഗത്തെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മേഖലയിലെയും നിഷ്‌ക്രിയ ആസ്തി ഉയരുകയാണ്.
കാര്‍ഷികമേഖലയുടെ നിഷ്‌ക്രിയ ആസ്തി 2019-'20 സാമ്പത്തികവര്‍ഷത്തെ 1.26 ലക്ഷം കോടി രൂപയില്‍നിന്ന് 2020-'21-ല്‍ 1.36 ലക്ഷം കോടി രൂപയിലെത്തി. ഒരു വര്‍ഷത്തിനിടെ 9355 കോടി രൂപയുടെ വര്‍ധന. ആകെയുള്ള നിഷ്‌ക്രിയ ആസ്തിയുടെ 15.07 ശതമാനത്തില്‍നിന്ന് 17.4 ശതമാനമായാണ് ഈ വര്‍ധന.
വ്യാവസായികമേഖലയിലെ നിഷ്‌ക്രിയ ആസ്തി 4.08 ലക്ഷം കോടി രൂപയില്‍നിന്ന് 3.18 ലക്ഷം കോടിയായി കുറഞ്ഞപ്പോഴാണ് കാര്‍ഷികമേഖലയില്‍ നിഷ്‌ക്രിയ ആസ്തി ഉയരുന്നത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. കാര്‍ഷികവായ്പകളെ അപേക്ഷിച്ച് മറ്റുവായ്പകള്‍ കൂടുതലായി ബാങ്കുകള്‍ എഴുതിത്തള്ളുന്നതും പുനഃക്രമീകരിക്കുന്നതും കാര്‍ഷികമേഖലയിലെ കിട്ടാക്കടം ഉയരുന്നതിന് കാരണമാകുന്നുണ്ട്.
കൂടുതല്‍ പൊതുമേഖലാബാങ്കുകളില്‍
കാര്‍ഷികരംഗത്തെ നിഷ്‌ക്രിയ ആസ്തി കൂടുതലും പൊതുമേഖലാബാങ്കുകളിലാണ്. 2021 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് ഇത് 1,15,281 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 1,11,571 കോടിയായിരുന്നു. സ്വകാര്യബാങ്കുകളില്‍ മുന്‍വര്‍ഷത്തെ 14,462 കോടിയില്‍നിന്ന് 18,900 കോടിയായാണ് വര്‍ധന.
പ്രാദേശികതലത്തില്‍ സഹകരണബാങ്കുകള്‍ക്കും എന്‍.ബി.എഫ്.സി.കള്‍ക്കും കാര്‍ഷികവായ്പകളില്‍ ഉണ്ടായിരുന്ന മുന്‍തൂക്കം കുറഞ്ഞിട്ടുണ്ട്. എന്‍.ബി.എഫ്.സി.കളുടെ കാര്‍ഷികമേഖലയിലെ വായ്പകള്‍ 2019 സാമ്പത്തികവര്‍ഷം 62,722 കോടി രൂപയായിരുന്നു. 2021-ല്‍ ഇത് 37,892 കോടി രൂപയായി കുറഞ്ഞു.
കാര്‍ഷികവായ്പ എഴുതിത്തള്ളല്‍
1990-ല്‍ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് രാജ്യത്താദ്യമായി കാര്‍ഷികവായ്പ എഴുതിത്തള്ളിയത്. അന്ന് 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. പിന്നീട് 2008-ല്‍ യു.പി.എ. സര്‍ക്കാര്‍ 71,680 കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി.
2014-നുശേഷം ഉത്തര്‍പ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഹരിയാണ, പഞ്ചാബ്, തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിങ്ങനെ പല സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 2.69 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളിയിട്ടുണ്ട്. കേരളം ഇതുവരെ ഈ പട്ടികയിലില്ല.
കേരളം, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷികവായ്പ, കാര്‍ഷികമേഖലയിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തെക്കാള്‍ കൂടുതലാണെന്ന് ആര്‍.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. കാര്‍ഷികവായ്പ മറ്റാവശ്യങ്ങള്‍ക്ക് വകമാറ്റുന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..