പ്രതീകാത്മക ചിത്രം
നോയിഡ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് ലഭിച്ചത് 14 ലക്ഷം രൂപയിലധികം വരുന്ന ആശുപത്രി ബില്‍. നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിച്ചതിനാണ് ഇത്ര ബില്‍ നല്‍കിയിരിക്കുന്നത്. മരിച്ച കോവിഡ് ബാധിതന്‍ 20 ദിവസമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. സംഭവം പരിശോധിക്കുമെന്ന് ഗൗതം ബുദ്ധനഗര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
യൂനാനി ചികിത്സകന്‍ കൂടിയായ രോഗി ഞായറാഴ്ചയാണ് മരിച്ചത്. നോയിഡയിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ജൂണ്‍ ഏഴിനാണ് ഇയാളെ പ്രവേശിപ്പിച്ചത്. 15 ദിവസം വെന്റിലേറ്ററിലായിരുന്നു.
ബില്‍ തുക കൈമാറ്റം സംബന്ധിച്ച് 10 രൂപ സ്റ്റാംപ് പേപ്പറില്‍ ധാരണയുണ്ടാക്കിയതിന് ശേഷമാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 14 ലക്ഷത്തിന് മുകളിലുണ്ടായിരുന്ന ബില്ലില്‍ നാല് ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് കവറേജ് കിഴിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതരും അറിയിച്ചു.
ചാര്‍ജുകള്‍ സര്‍ക്കാരുമായിട്ടുള്ള ധാരണപ്രകാരം കിഴിവുള്ളതും സുതാര്യവും കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതി താരിഫുകള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് ആശുപത്രിയുടെ പ്രതികരണം.
'ചികിത്സയുടെ ഓരോ ഘട്ടം സംബന്ധിച്ചും രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും ബന്ധുക്കളെ യഥാസമയം അറിയിച്ചിട്ടുണ്ട്. ചികിത്സാ ചാര്‍ജുകളെ കുറിച്ചും ധരിപ്പിച്ചു. സുതാര്യമായിട്ടാണ് പ്രക്രിയ പൂര്‍ണ്ണമായും. മുഖ്യമന്ത്രിയുടെ ഓഫീസിനെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്' ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രിയിലെ ഫീസ് തങ്ങള്‍ പരിശോധിച്ചു വരികയാണെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. അതേസമയം ഫീസ് നിര്‍ണയത്തിലെ ആശുപത്രികളുടെ സ്വയം നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് വ്യക്തതയില്ല. ഐസിയുവിന് പരമാവധി പതിനായിരം രൂപ ദിനംപ്രതി ഈടാക്കം. വെന്റിലേറ്ററിന് അയ്യായിരം വരെയും മരുന്നുകള്‍ക്കും മറ്റും വേറെയും വരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് എല്‍.വൈ.സുഹാസ് പറഞ്ഞു.
എന്നാല്‍ സ്വകാര്യ ആശുപത്രികളിലെ ചാര്‍ജ് കുറയ്ക്കുന്നതിനുള്ള തീരുമാനം ബന്ധപ്പെട്ട ജില്ലാ ഭരണകൂടം എടുക്കേണ്ടതുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും ജില്ലാ ഭരണകൂടത്തിനും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന ചാര്‍ജ് സംബന്ധിച്ച് വ്യക്തതയില്ലാത്തിനാലും ഇടപെടലില്ലാത്തിനാലും തങ്ങള്‍ ആശുപത്രി അധികൃതരുമായി ഇപ്പോഴും ചര്‍ച്ച നടത്തിവരികയാണെന്ന് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ അറിയിച്ചു.
Content Highlights: Noida man dies of Coronavirus-family gets Rs 14 lakh bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..