ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്നു നടക്കുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കും. ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ശേഷമാണ് ശിവസേനയുടെ വ്യതിചലനം. സഭയില്‍ അവിശ്വാസ പ്രമേയത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു

എല്ലാ ശിവസേന എംപിമാരും ഇന്ന് ഡല്‍ഹിയില്‍ത്തന്നെ ഉണ്ടാവണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് സംബന്ധിച്ച് വെള്ളിയാഴ്ച പത്തു മണിക്കു ശേഷം നിലപാട് അറിയിക്കുമെന്നാണ് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നത്. തുടര്‍ന്നാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചത്. 

സഭയില്‍ പൂര്‍ണസമയവും ഉണ്ടാവണമെന്ന് എംപിമാരോട് ആവശ്യപ്പെട്ടുകൊണ്ട് പുറപ്പെടുവിച്ചിരുന്ന വിപ്പ് പിന്നീട് പിന്‍വലിച്ചതായി നേരത്തെ ശിവസേന വക്താവ് പറഞ്ഞിരുന്നു. വിപ്പ് തെറ്റായി നല്‍കിയതാണെന്നും തീരുമാനങ്ങളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും വക്താവ് അറിയിക്കുകയും ചെയ്തിരുന്നു.

സ്വാഭിമാനി ശേത്കരി സംഘടനാ എംപി രാജു ഷെട്ടിയുമായി ബിജെപി നടത്തിയ സമവായ ചര്‍ച്ചകളാണ് ശിവസേനയെ പെട്ടെന്ന് ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ഷെട്ടി, മഹാരാഷ്ട്രയിലെ പാല്‍ സംഭരണ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടുള്ള ബിജെപിയുടെ തീരുമാനമാണ് ശിവസേനയുടെ നിലപാടുമാറ്റത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. 

നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് വെള്ളിയാഴ്ച ലോക്‌സഭ പരിഗണിക്കുന്നത്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. 534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുണ്ട്. 147 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. 76 അംഗങ്ങളുടെ നിലപാടിന്റെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്‌സഭയിലുള്ളത്.