പ്രശാന്ത് കിഷോർ| Photo: PTI
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ കഴിയുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒരു പാര്‍ട്ടി ആഗ്രഹിക്കുന്നുവെങ്കില്‍ അത് രണ്ടാം മുന്നണിയായി ഉയര്‍ന്നുവരണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബിബിസിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ അഭിപ്രായ പ്രകടനം. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ മൂന്നാം മുന്നണിയായി വളരാന്‍ മമത ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും സഹായിക്കുകയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെയാണോ രണ്ടാം മുന്നണിയായി കണക്കാക്കുന്നത് എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന് കൈമാറിയ നിര്‍ദേശങ്ങള്‍ ബിജെപിയെ എങ്ങനെ തോല്‍പ്പിക്കും എന്നതിനെ കുറിച്ചില്ല, കോണ്‍ഗ്രസിന് എങ്ങനെ വിജയിക്കാം എന്നത് സംബന്ധിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ' കോണ്‍ഗ്രസിന്റെ പ്രതാപകാലം എങ്ങനെ വീണ്ടെടുക്കണം എന്നതിനെക്കുറിച്ചായിരുന്നു എന്റെ ബ്ലൂപ്രിന്റ്. അത് ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കലല്ല. രാജ്യത്ത് ശക്തമായ ഒരു രാഷ്ട്രീയ ശക്തിയായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതാണ്. മോദിയെ എങ്ങനെ പരാജയപ്പെടുത്തണം എന്നല്ല, മറിച്ച് എങ്ങനെ വിജയിക്കാം എന്നതാണ് അത്. രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. ബിജെപി ശക്തമായ നിലയില്‍ തുടരുമെങ്കിലും അവര്‍ അജയ്യരല്ല. കോണ്‍ഗ്രസിന് ഉയിര്ത്തെഴുന്നേല്ക്കാന് സാധിച്ചാല്‍ അത് ജനാധിപത്യത്തിന് നല്ലതായിരിക്കും.-പ്രശാന്ത് കിഷോര്‍ പറഞ്ഞു.
അഭിമുഖത്തില്‍ കോണ്‍ഗ്രസിനെ പ്രശംസിച്ചെങ്കിലും പാര്‍ട്ടിയില്‍ പ്രതീക്ഷയുണ്ടെന്ന് അഭിപ്രായപ്പെട്ടെങ്കിലും കോണ്‍ഗ്രസില്‍ ചേരാനുള്ള വാഗ്ദാനം പ്രശാന്ത് കിഷോര്‍ നിരസിച്ചിരുന്നു.
Content Highlights: No third front can win polls in India, only a second front can defeat BJP says prashant Kishor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..