ന്യൂഡൽഹി: താലിബാനുമായി വിവിധ രാജ്യങ്ങൾ മോസ്‌കോയില്‍ വെച്ച്  നടത്തുന്ന സമാധാന ചർച്ചയിൽ ഇന്ത്യയും പങ്കാളിയാണെന്ന വാർത്ത തള്ളി വിദേശകാര്യ മന്ത്രാലയം. 

മോസ്‌കോയില്‍ നടക്കുന്ന പരിപാടിയില്‍ നിരീക്ഷക തലത്തിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം എന്ന നിലയിലാണ് പരിപാടിയോട് സഹകരിക്കുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ടി.സി.എ രാഘവന്‍, അമര്‍ സിന്‍ഹ എന്നീ വിരമിച്ച നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മോസ്‌കോയില്‍ ഉള്ളത്. അഫ്ഗാന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ശ്രമങ്ങളെ മാത്രമേ പിന്തുണയ്ക്കൂ എന്നാണ് ഇന്ത്യയുടെ നിലപാട്. അഫ്ഗാനിസ്ഥാനുമായുള്ള കൂടിക്കാഴ്ചയാണ് അവിടെ നടക്കാന്‍ പോകുന്നത്. അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

മോസ്‌കോ കോണ്‍ഫെറന്‍സ് എന്നറിയപ്പെടുന്ന യോഗത്തിൽ റഷ്യ,അമേരിക്ക, പാകിസ്താന്‍, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളും താലിബാനും പങ്കെടുക്കുന്നുണ്ട്.  ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇറാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍, ഉസ്ബെക്കിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്കും ക്ഷണപത്രം അയച്ചിട്ടുള്ളതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

content highlights: No talks with Taliban- India