മുംബൈ:  ഇരു റണ്‍വേകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണി മുതല്‍ ആറ് മണിക്കൂര്‍ നേരത്തേക്ക് മുംബൈ വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഉണ്ടാവില്ല. രാജ്യത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളം ആറ് മണിക്കൂറോളം നിശ്ചലമാകുന്നത് നിരവധി ദേശീയ അന്തര്‍ദേശിയ വിമാന സര്‍വീസുകളെ ബാധിക്കും. 

ഒരു ദിവസം ശരാശരി ആയിരത്തോളം വിമാന സര്‍വീസുകള്‍ മുംബൈ വിമാനത്താവളത്തില്‍ ഉണ്ടാകാറുണ്ട്. ഈ ആറ് മണിക്കൂര്‍ സമയത്ത് മാത്രം മുന്നൂറോളം വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തിരുന്നു. പല അന്താരാഷ്ട്ര സര്‍വീസുകളുടെയും കണക്ഷന്‍ പോയന്റ് കൂടിയാണ് മുംബൈ വിമാനത്താവളം. 

പ്രധാന റണ്‍വേയില്‍ ഒരു മണിക്കൂറില്‍ 50 വിമാനങ്ങളുടെ സര്‍വീസുകളും സെക്കന്ൻഡറി റണ്‍വേയില്‍ 35 സര്‍വീസുകളും നടക്കാറുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയുള്ള സമയത്താണ് വിമാനത്താവളം പ്രവര്‍ത്തനരഹിതമാവുകയെന്ന് എയര്‍ ഇന്ത്യ ട്വിറ്ററില്‍ അറിയിച്ചു. 

ഫെബ്രുവരിയിലും മാര്‍ച്ചിലുമായി രണ്ടാംഘട്ട അറ്റകുറ്റപ്പണികളും നടക്കും. ആ സമയത്തും ഇതുപോലെ സര്‍വീസുകള്‍ മുടങ്ങും.

content highlights: No Take Off or Landing at Mumbai Airport for 6 Hours