മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ നടി ശില്‍പാ ഷെട്ടിക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മുംബൈ പോലീസ്.

കേസില്‍ ശില്‍പയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശില്‍പയ്ക്ക് പങ്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും കാര്യം വിശദമായി പരിശോധിക്കുമെന്നും മുംബൈ ക്രൈം ബ്രാഞ്ച് പറഞ്ഞു.

നീലച്ചിത്ര നിര്‍മാണക്കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉള്‍പ്പെടെ 11 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. രാജിനെ ജൂലായ് 23 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

നീലച്ചിത്ര നിര്‍മാണ ശൃംഖലയുമായി ശില്‍പയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും തങ്ങള്‍ വിഷയം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥന്‍ ന്യൂസ് 18-നോടു പ്രതികരിച്ചു.

സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അറിയാന്‍, ശില്‍പയുടെയും രാജ് കുന്ദ്രയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാന ആസൂത്രകന്‍ രാജ് കുന്ദ്ര ആയതിനാല്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും ഇതുവരെ ശില്‍പയ്ക്ക് സമന്‍സ് അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlights: no summons to shilpa shetty yet says mumbai police