ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മരണ വാറന്റിന് സ്‌റ്റേ ഇല്ല. വധശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച ദയാഹര്‍ജി സുപ്രീം കോടതിയും തള്ളി. 

വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കാണ് നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കുക. വധശിക്ഷയുമായി മുന്നോട്ടുപോകാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. വധശിക്ഷയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തിഹാര്‍ ജയില്‍ അധികൃതര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 

പ്രതികളെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കുകയും പ്രതികളുടെ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രതികളുടെ മാനസിക- ശാരീരീക അവസ്ഥകളെ കുറിച്ച് ഡോക്ടര്‍ സാക്ഷ്യപത്രവും നല്‍കിയിട്ടുണ്ട്.

വധശിക്ഷ നീട്ടിവെപ്പിക്കാനുള്ള ശ്രമം പ്രതികള്‍ സുപ്രീം കോടതിയില്‍ നടത്തിയിരുന്നു. രാവിലെ പ്രതി പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയിരുന്നു. ഉച്ചയ്ക്കു ശേഷം വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുകേഷും, രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നല്‍കിയ അക്ഷയ് നല്‍കിയ ഹര്‍ജികളും സുപ്രീം കോടതി തള്ളി.

content highlights: no stay on death warrant; nirbhaya case convicts to hanged