ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളും ഇടക്കാല ജാമ്യവും ലഭിച്ച തടവുപുള്ളികള്‍ ജയിലുകളിലേക്ക് മടങ്ങണം എന്ന കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ സ്റ്റേ ഇല്ല. സുപ്രീം കോടതി വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ശനിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്റ്റേയെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ പുതിയ അപേക്ഷ നല്‍കി.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂര്‍ സ്വദേശി രഞ്ജിത്താണ് കേരളത്തിലെ കൊവിഡ് സാഹചര്യം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന രഞ്ജിത്ത് നിലവില്‍ പരോളില്‍ ആണ്. ഈ മാസം 26 ന് ജയിലിലേക്ക് മടങ്ങാനായിരുന്നു രഞ്ജിത്തിനോട് നിര്‍ദേശിച്ചിരുന്നത്. ഇതിനെതിരേ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി ജസ്റ്റിസ്മാരായ ഇന്ദിര ബാനര്‍ജി, ബിആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ആണ് പരിഗണിച്ചത്.

നിലവില്‍ ജയിലിലേക്ക് മടക്കി അയക്കുന്നത് വധശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്ന് രഞ്ജിത്തിന് വേണ്ടി ഹാജരായ ദീപക് പ്രകാശ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. തുടര്‍ന്ന് ആണ് കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ബെഞ്ച് സ്റ്റേ ചെയ്തതതായി ദീപക് പ്രകാശ് തന്നെ ഹൈക്കോടതിയെ അറിയിക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ചിലരുടെ ജയിലിലേക്കുള്ള മടക്കം ഹൈക്കോടതി തന്നെ സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

കോടതിയില്‍ ജഡ്ജിമാര്‍ വാക്കാല്‍ പറഞ്ഞ സ്റ്റേ ഉത്തരവില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷ തിങ്കളാഴ്ച്ച കോടതിയില്‍ മെന്‍ഷന്‍ ചെയ്തേക്കും. ഉത്തരവ് ഭേദഗതി ചെയ്യാന്‍ കോടതി തയ്യാറായില്ല എങ്കില്‍ തടവ്പുള്ളികള്‍ക്ക് ജയിലുകളിലേക്ക് മടങ്ങേണ്ടിവരും.