പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: പാക്ക് ചെയ്ത് ലേബല്‍ ചെയ്ത് വില്‍ക്കുന്ന 25 കിലോഗ്രാം വരെയുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് 5% ചരക്ക് സേവന നികുതി (ജിഎസ്ടി) തിങ്കളാഴ്ച മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. അരിയും ഗോതമ്പും പാലും തൈരും മോരും തേനും ശര്‍ക്കരയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ ഭക്ഷ്യസാധനങ്ങള്‍ക്കെല്ലാം കൂടുതല്‍ വില നല്‍കേണ്ടത് സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്.
സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുസ്സഹമാക്കുന്ന നടപടിക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ജിഎസ്ടി കൗണ്‍സിലില്‍ കേരളമടക്കം ഒരു സംസ്ഥാനവും ഇതിനെ എതിര്‍ത്തിരുന്നില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജൂണ്‍ 29-ന് ഛത്തീസ്ഗഢില്‍ നടന്ന 47-ാമത് ജിഎസ്ടി കൗണ്‍സിലിലാണ് ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയുള്ള തീരുമാനം അംഗീകരിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷയായ കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളാണ്.
'2017 ജൂലായിയില്‍ ആരംഭിച്ചത് മുതല്‍ ഒരു സംഭവത്തില്‍ ഒഴികെ, കൗണ്‍സിലിന്റെ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു. 47-ാമത് ജിഎസ്ടി കൗണ്‍സിലില്‍, മുന്‍കൂട്ടി പാക്ക് ചെയ്ത ചെയ്ത സാധനങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തെ ഒരു സംസ്ഥാനവും എതിര്‍ത്തിട്ടില്ല' യോഗത്തില്‍ പങ്കെടുത്ത ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു കൂട്ടം മന്ത്രിമാരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ജിഎസ്ടി നിരക്കിലെ മാറ്റങ്ങളെന്ന് മറ്റൊരു ഉദ്യോഗസ്ഥനും വെളിപ്പെടുത്തുന്നു. കര്‍ണാടക, ബിഹാര്‍, ഗോവ, കേരളം, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ഏഴ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തതെന്ന് ജിഎസ്ടി കൗണ്‍സിലിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2021 സെപ്റ്റംബര്‍ 17-ന് ലക്‌നൗവില്‍ നടന്ന 45-ാമത് ജിഎസ്ടി കൗണ്‍സിലിലാണ് നിരക്ക് യുക്തിസഹമാക്കല്‍, നികുതികൡ വരുത്തേണ്ട തിരുത്തലുകള്‍, സങ്കീര്‍ണ്ണതകള്‍ ലഘൂകരിക്കല്‍, വരുമാനം വര്‍ദ്ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരക്കുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ ഒരു മന്ത്രിമാരുടെ ഗ്രൂപ്പ് രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് തീരുമാനിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ജിഎസ്ടി നിരക്കു സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം സംബന്ധിച്ച് വ്യാപകമായ സംശയങ്ങളും വിമര്‍ശനങ്ങളും രാജ്യത്താകെ ഉയര്‍ന്നു വന്നിരിക്കുകയാണെന്നും ജി.എസ്.ടി നിരക്കുകള്‍ സംബന്ധിച്ച കമ്മിറ്റികളിലും ജി.എസ്.ടി കൗണ്‍സില്‍ യോഗങ്ങളിലും ഈ വിഷയത്തില്‍ വളരെ കൃത്യമായി കേരളം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞത്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കരുതെന്നും ഉയര്‍ന്ന വിലയുള്ള ആഡംബര സാധനങ്ങളുടെ നികുതിയാണ് വര്‍ദ്ധിപ്പിക്കേണ്ടത് എന്നുമുള്ളതാണ് നമ്മുടെ സുവ്യക്തമായ നിലപാട്. എന്നാല്‍ ആഡംബര സാധനങ്ങളുടെ നികുതി കുറച്ചു കൊണ്ടുവരുന്ന നടപടികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. 16 ശതമാനം വരെയുണ്ടായിരുന്ന റവന്യൂ ന്യൂട്രല്‍ നിരക്ക് ആഡംബര സാധനങ്ങളുടെ ജി.എസ്. ടി പല ഘട്ടങ്ങളിലായി കുറച്ചതിനെ തുടര്‍ന്ന് 11 ശതമാനത്തിലേക്ക് കുറയുകയുണ്ടായി. ഇത് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സൃഷ്ടിച്ചത്. ഈ പ്രശ്‌നം ജി.എസ്.ടി കൗണ്‍സിലില്‍ കേരളം ചൂണ്ടിക്കാണിച്ചിരുന്നുവെന്നും ധനമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിക്കുകയുണ്ടായി.
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എന്തുകൊണ്ടായിരുന്നു ജിഎസ്ടി കൗണ്‍സിലില്‍ ഇവര്‍ എതിര്‍പ്പറിയാക്കാതിരുന്നതെന്നും ബിജെപി ചോദിച്ചു.
Content Highlights: No state opposed 5% GST on food items at Council meet- officials
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..