ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനു പിന്നാലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ അമരീന്ദര്‍ സിങ് ഉന്നയിച്ച വിമര്‍ശനത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ്. രാഷ്ട്രീയത്തില്‍ രോഷപ്രകടനത്തിന് സ്ഥാനമില്ലെന്നും തന്റെ ഔന്നത്യത്തിനു ചേരാത്ത വിധത്തില്‍ അമരീന്ദറില്‍നിന്നുണ്ടായ പ്രതികരണം അദ്ദേഹം പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാഥെ പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് അദ്ദേഹം. മുതിര്‍ന്നവര്‍ പെട്ടെന്ന് രോഷാകുലരാകുന്നതും പലതും പറയുന്നതും പതിവാണ്. അദ്ദേഹത്തിന്റെ പ്രായത്തെയും പരിചയത്തെയും രോഷത്തെയും ബഹുമാനിക്കുന്നു. രാഷ്ട്രീയത്തില്‍ രോഷത്തിനും അസൂയക്കും ശത്രുതയ്ക്കും പ്രതികാരത്തിനും വ്യക്തിപരമായ ആക്രമണത്തിനും സ്ഥാനമില്ല. അദ്ദേഹം തന്റെ വാക്കുകള്‍ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ, സുപ്രിയ ശ്രിനാഥെ പറഞ്ഞു.

കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി പിന്നീട് അമരീന്ദര്‍ രംഗത്തെത്തി. 'അതെ, രാഷ്ട്രീയത്തില്‍ രോഷത്തിന് സ്ഥാനമില്ല. എന്നാല്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ അവഹേളനത്തിനും അധിക്ഷേപത്തിനും സ്ഥാനമുണ്ടോ? എന്നെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവിനോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സാധാരണ പ്രവര്‍ത്തകരോട് ഏതുവിധത്തിലായിരിക്കും', അദ്ദേഹം ചോദിച്ചു.

നേരത്തെ, രാഹുലിനും പ്രിയങ്കയ്ക്കും അനുഭവസമ്പത്തില്ലെന്നും ഉപദേശകര്‍ ഇരുവരെയും വഴിതെറ്റിക്കുകയാണെന്ന് വ്യക്തമാണെന്നും അമരീന്ദര്‍ ആരോപിച്ചിരുന്നു. പ്രിയങ്കയും രാഹുലും എനിക്ക് മക്കളെപ്പോലെയാണ്. ഇത് ഇങ്ങനെ അല്ല അവസാനിക്കേണ്ടിയിരുന്നത്. ഞാന്‍ ദുഃഖിതനാണ്,  അമരീന്ദര്‍ പറഞ്ഞു.

രാജിവെച്ചൊഴിയുന്നതിന് മൂന്നാഴ്ച മുന്‍പേ രാജിക്കത്ത് സോണിയാ ഗാന്ധിക്ക് നല്‍കിയിരുന്നു. എന്നാല്‍ തന്നോട് തുടരാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നെന്നും അമരീന്ദര്‍ പറഞ്ഞു. സോണിയ തന്നെ വിളിച്ച് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ ഞാന്‍ ചെയ്യുമായിരുന്നു. കര്‍ത്തവ്യം എങ്ങനെ നിറവേറ്റണമെന്നും തിരികെ വിളിച്ചാല്‍ മടങ്ങിപ്പോകണമെന്നും ഒരു സൈനികനായ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: No space for anger in politics, says Congress after Amarinder Singh's remark