നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായി അറബിക്കടലിൽ വിന്യസിച്ചിരിക്കുന്ന എയർക്രാഫ്റ്റ് കാരിയർ(2020 നവംബർ 18 ലെ ചിത്രം) | Photo : AFP
ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ നാവികസേനാ വിമാനം തകര്‍ന്ന് കാണാതായ കമാന്‍ഡര്‍ നിഷാന്ത് സിങ്ങിനെ കണ്ടെത്താന്‍ സഹായകമാകുന്ന സൂചന റഷ്യന്‍ നിര്‍മിത എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണില്‍ നിന്ന് ഇതു വരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ നാവിക സേന സ്ഥിരീകരിച്ചു. അറബിക്കടലിലാണ് വിമാനം തകര്‍ന്നു വീണത്.
നാവികസേനയിലെ ഇന്‍സ്ട്രക്ടര്‍ പൈലറ്റായ നിഷാന്ത് സിങും ഒരു ട്രെയിനി പൈലറ്റുമാണ് രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്ന പൈലറ്റിനെ ഹെലികോപ്ടറിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു.
നാവികസേനയുടെ ഏക എയര്‍ക്രാഫ്റ്റ് കാരിയറായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പസമയത്തിനുള്ളിലായിരുന്നു മിഗ്-29 കെ ഫൈറ്റര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട പൈലറ്റിനെ കുറിച്ച് വിവരം നല്‍കാന്‍ സഹായിക്കുന്ന ബീക്കണില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്ന കാര്യം നാവികസേന ഇതു വരെ സ്ഥിരീകരിച്ചിരുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് സിഗ്നലുകള്‍ ലഭ്യമാക്കാന്‍ സര്‍വൈവല്‍ കിറ്റിനുള്ളിലെ ബീക്കണിന് സാധിക്കില്ലെന്ന് നാവികസേന വ്യക്തമാക്കി.
അറബിക്കടലില്‍ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങളില്‍ നിഷാന്ത് സിങ്ങിന്റെ ഭാഗത്തുള്ള ഇജക്ഷന്‍ സീറ്റ് കാണാത്തതിനാല്‍ വിമാനത്തില്‍ നിന്ന് അദ്ദേഹം പുറത്തു കടന്നെന്ന കാര്യം ഉറപ്പിക്കാമെന്ന് നാവികസേന അറിയിച്ചു. എന്നാല്‍ ആഴക്കടലിലായതിനാല്‍ രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നാവികസേനാവക്താവ് കൂട്ടിച്ചേര്‍ത്തു.
ഇരിപ്പിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്തിയാല്‍ പിന്നീട് പൈലറ്റിനെ കുറിച്ച് സൂചന നല്‍കാന്‍ സഹായകമാകുന്ന ബീക്കണുകള്‍ക്ക് സമുദ്രാന്തര്‍ഭാഗത്ത് നിന്ന് സിഗ്നലുകള്‍ നല്‍കാന്‍ സാധിക്കില്ല. അനുകൂലമായ താപനിലയില്‍ 48 മണിക്കൂറുകള്‍ വരെയാണ് ഇവ പ്രവര്‍ത്തനക്ഷമമായി തുടരുന്നത്. നിഷാന്ത് സിങ്ങിനെ കുറിച്ചുള്ള സൂചന ലഭ്യമല്ലെങ്കിലും തിരച്ചില്‍ നാവികസേന തിരച്ചില്‍ തുടരുകയാണ്.
Content Highlights: No Signal From SOS Unit Of Navy Pilot Nishant Singh Who Ejected From MiG-29K
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..