മുംബൈ : രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്രആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. കോവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയുടെയും ആന്ധ്രപ്രദേശിന്റെയും  അറിയിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓരോ സംസ്ഥാനത്തിനും  വേണ്ട വാക്‌സിന്‍ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

മുംബൈ നഗരത്തിലെ വാക്സിന്‍ സ്റ്റോക്ക് അവസാനിച്ചുകൊണ്ടിരിക്കുയാണെന്നും ഒരുലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന്‍ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും മുംബൈ മേയര്‍ കിഷോറി പെഡ്നേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ കൈയില്‍ ഇനി ഒരു ലക്ഷത്തോളം കോവിഷീല്‍ഡ് ഡോസുകളാണ്  അവശേഷിക്കുന്നതെന്നും വാക്സിന്‍ അപര്യാപ്തതയുണ്ടെന്നുമായിരുന്നു മുംബൈ മേയര്‍ പറഞ്ഞത്.

14 ലക്ഷം കോവിഡ് വാക്‌സിന്റെ സ്‌റ്റോക്ക് മാത്രമേ സംസ്ഥാനത്തുള്ളുവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാരും നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു. 

പിന്നാലെ ആന്ധ്രാപ്രദേശും വാക്സിൻ ക്ഷാമത്തിലുള്ള ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്സി‌സിന്‍ ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഹർഷ വർധൻ. ഒരു സംസ്ഥാനത്തും വാക്‌സിന്‍ ക്ഷാമം ഉണ്ടാക്കില്ലെന്ന് ഹര്‍ഷ വര്‍ധന്‍ ഉറപ്പു നല്‍കി. 

"ഒരു സംസ്ഥാനത്തും നിലവില്‍ വാക്‌സിന്‍ ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്‌സിന്‍ വിതരണം തുടരും",  ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

രാജ്യത്ത് ഇതുവരെ 8.70കോടി കോവിഡ് വാക്സിനാണ് വിതരണം ചെയ്തത്.  കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,15,736 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 55,000ത്തോളം കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ശനി-ഞായര്‍ ദിവസങ്ങളില്‍ മഹാരാഷ്ട്ര കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. മുംബൈയില്‍ മാത്രം കഴിഞ്ഞ ദിവസം 10,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

content highlights: No shortage of Covid-19 vaccines, says Harsh Vardhan