ന്യൂഡൽഹി: രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും ധനമന്ത്രി പറഞ്ഞു. ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുമ്പോഴായിരുന്നു കൽക്കരി ക്ഷാമത്തെക്കുറിച്ചുള്ള ധനമന്ത്രിയുടെ പ്രതികരണം.

'രാജ്യത്ത് ഒന്നിനും ഒരു കുറവും ഇല്ല, വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണ്. വൈദ്യുതി മന്ത്രി ആർ. കെ. സിങ്ങുമായി രണ്ട് ദിവസം മുമ്പ് സംസാരിച്ചിരുന്നു. രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ പരക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ വൈദ്യുത ഉല്‍പാദന കേന്ദ്രങ്ങളിലും അടുത്ത നാല് ദിവസത്തേക്കുള്ള കല്‍ക്കരി നിലവിലുണ്ടെന്നും വിതരണശൃംഖലയില്‍ തകരാറൊന്നുമില്ലെന്നും  ധനമന്ത്രി വ്യക്തമാക്കി.  നിലവിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ഇന്ത്യ വൈദ്യുതി മിച്ച രാജ്യമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ച യോഗം താപവൈദ്യുത നിലയങ്ങളിലെ കൽക്കരി ലഭ്യതയുടെ നില ചർച്ചചെയ്തിരുന്നു. കനത്ത മഴയും പ്രതികൂല സാഹചര്യങ്ങളും കാരണം കൽക്കരിക്കുറവ് നിലവിലുണ്ടായിരുന്നുവെന്നായിരുന്നു കൽക്കരി വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞത്. കൽക്കരിയുടെ അന്താരാഷ്ട്രവില ടണ്ണിന് 60 രൂപയിൽ നിന്ന് 190 രൂപയായി വർധിച്ചത് തിരിച്ചടിയായി. ഇറക്കുമതി ചെയ്യേണ്ട കൽക്കരി പ്ലാന്റുകൾ 15-20 ദിവസം അടഞ്ഞുകിടന്നത് ഉത്‌പാദനം കുറച്ചു. ഇതുകാരണം ആഭ്യന്തര കൽക്കരിക്ക് മുകളിൽ സമ്മർദമേറി. എന്നാൽ, ഇപ്പോൾ ക്ഷാമമില്ലെന്നും സ്റ്റോക്ക്‌ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ള വിനിയോഗിക്കാത്ത വൈദ്യുതി അതത് സംസ്ഥാനങ്ങൾ സ്വന്തം ഉപയോക്താക്കൾക്ക് നൽകണമെന്നും കൂടിയവിലയ്ക്ക് മറിച്ചുവിൽക്കരുതെന്നും കേന്ദ്ര ഊർജമന്ത്രാലയം കർശനനിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന വിലയ്ക്ക് വിറ്റാൽ ഈ വൈദ്യുതിവിഹിതം പിൻവലിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൽക്കരി ക്ഷാമത്തെത്തുടർന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും ഇപ്പോഴും തുടരുകയാണ്.

Content Highlights: No shortage of anything; reports of coal crisis baseless - Nirmala Sitharaman