സൽമാൻ ഖുർഷിദ് |Photo: PTI
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ നടത്തിയ പരസ്യവിമര്‍ശനത്തില്‍ കപില്‍ സിബലിനെ വിമർശിച്ച് മുതിര്‍ന്ന നേതാവ് സല്മാന് ഖുര്‍ഷിദ് രംഗത്ത്. വിമര്‍ശകര്‍ തങ്ങളുടെ തന്നെ കുറവുകളിലേക്ക് നോക്കണമെന്നും അധികാരത്തില്‍ തിരിച്ചെത്താന്‍ കുറുക്കുവഴി നോക്കുകയല്ല, ദീര്‍ഘമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വേണ്ടതെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു. മാധ്യമങ്ങളിലൂടെ സിബല്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു രംഗത്തെത്തിയതിനെതിരേയാണ് ഖുര്‍ഷിദ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്.
വിമര്‍ശകരുമായി ചേര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നവരെ ഒടുവിലത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ പാരമ്പര്യം മുതലുള്ള കാര്യങ്ങള്‍ ഖുര്‍ഷിദ് ഓര്‍മിപ്പിക്കുന്നു. വോട്ടര്‍മാരുടെ മാനസികാവസ്ഥ നമ്മള് വളര്‍ത്തിയെടുത്തതും ഉയര്‍ത്തിപ്പിടിച്ചതുമായ ലിബറല്‍ മൂല്യങ്ങള്‍ക്കെതിരാണെങ്കില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കുറുക്കുവഴികളെക്കാള് ഒരു നീണ്ട പോരാട്ടത്തിന് നാം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിലെ ദയനീയ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ കപില്‍ സിബലിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സല്മാന് ഖുര്‍ഷിദിന്റെ പോസ്റ്റ്. തന്ത്രങ്ങളില്‍ കാലാനുസൃതമായി വിലയിരുത്തലുകളും പൊളിച്ചെഴുത്തും ആവശ്യമാണ്. പക്ഷേ, അവ മാധ്യമങ്ങളിലൂടെ നടത്താന്‍ കഴിയില്ലെന്നും നടത്തിയാല്‍ എതിരാളികള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു കപില്‍ സിബലിന്റെ തുറന്ന് പറച്ചില്.
Content Highlights: No Short Cuts To Power: Salman Khurshid Attacks Kapil Sibal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..