ഷിംല: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടുത്ത ശൈത്യത്തെ നേരിടുമ്പോള്‍ ഹിമാചലില്‍ താപനില മൈനസ് 10 ഡിഗ്രിയും കടന്നു. കിന്നൗര്‍, ചാമ്പ, ലാഹോള്‍-സ്പിതി, കംഗ്‌റ തുടങ്ങിയ ജില്ലകളിലാണ് കനത്ത മഞ്ഞു വീഴ്ച തുടരുന്നത്‌.

കല്‍പയില്‍ മൈനസ് 11.4 ഡിഗ്രിയും കിന്നൗറില്‍ മൈനസ് 8.6 ഡിഗ്രിയുമാണ് താപനില.

വിനോദ സഞ്ചാര മേഖലയായ മണാലിയില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസും ഷിംലയില്‍ മൈനസ് 3.2 ഡിഗ്രിയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അനുഭവപ്പെട്ട താപനില. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ താപനില ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.

മഞ്ഞണിഞ്ഞ് സുന്ദരിയായ ഷിംലയുടെ കാഴ്ചകള്‍ കാണാം..

ഹിമപാതത്തെ തുടര്‍ന്ന് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ മഞ്ഞു വീഴ്ച തുടരുന്ന പ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ആദിവാസി മേഖലയായ ചാമ്പ,ലോഹോള്‍ തുടങ്ങിയ ജില്ലകളിലേക്ക് ഹെലികോപ്ടര്‍ സേവനം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ മേഖലകളില്‍ റോഡ് ഗതാഗതവും വൈദ്യുതിയും കുറച്ച്  ദിവസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണ്.