ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിച്ചതു സംബന്ധിച്ച് കണക്ക് ഹാജരാക്കാത്തതിനേ തുടര്‍ന്ന് എഫ്സിആര്‍എ രജിസ്ട്രേഷന് നഷ്ടപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള എന്‍.ജി.ഒകള്‍ക്ക് അനകൂലമായി ഇടക്കാല വിധി പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷ നല്കിയ എന്‍.ജി.ഒകള്‍ക്ക് ലൈസന്‍സ് നീട്ടിനല്‍കിയതായി കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണിത്.
വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി എന്‍.ജി.ഒകള്‍ ആദ്യം സര്‍ക്കാരിനെ സമീപിക്കണമെന്നും പറഞ്ഞു. തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ കോടതിയില്‍ വാദം കേള്‍ക്കാം. ലൈസന്‍സ് പുതുക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ഇക്കാര്യം അവതരിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം നിയമപ്രകാരം തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു.
ആറായിരത്തോളം എന്‍.ജി.ഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് (എഫ്സിആര്‍എ ) ആണ് നേരത്തെ റദ്ദായത്. ഇവയില്‍ ഭൂരിഭാഗവും പുതുക്കുന്നതിന് അപേക്ഷ നല്‍കാത്ത സാഹചര്യത്തിലാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അടക്കമുള്ള എന്‍.ജി.ഒകള്‍ക്കാണ് ലൈസന്‍സ് നഷ്ടമായത്.
നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, കോമണ്‍കോസ്, ഐ.എം.എ., ലെപ്രസി മിഷന്, ട്യുബര്‍കുലോസിസ് അസോസിയേഷന് ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍, കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്‍ഡ് ടി.വി. ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും ലൈസന്‍സ് നഷ്ടമായവയില്‍പ്പെടും.
Content Highlights: No relief from SC for NGOs who lost foreign funding licence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..