ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കിയ തീരുമാനത്തിനെതിരെ പ്രതിപക്ഷം. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനമാണ് വിവാദത്തിന് തിരികൊളുത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സമ്മേളനത്തില്‍ ഇത്തവണ ചോദ്യോത്തരവേളയോ സ്വകാര്യ ബില്ലുകളോ പ്രമേയങ്ങളോ ഉണ്ടാകില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അതേസമയം, ശൂന്യവേളയുള്‍പ്പെടെയുള്ള മറ്റ് സഭാ നടപടികള്‍ തുടരുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്. ചോദ്യോത്തരവേളയും സ്വകാര്യ ബില്ലുകളും ഒഴിവാക്കിയതിനെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിക്കുന്നു. പാര്‍ലമെന്റിനെ ഒരു നോട്ടീസ് ബോര്‍ഡിലേക്ക് ചുരുക്കി ഭൂരിപക്ഷം ഉപയോഗിച്ച് റബര്‍ സ്റ്റാമ്പ് ആക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വിമര്‍ശിക്കുന്നു.
ജനാധിപത്യത്തെയും വിയോജിപ്പിനെയും തടസ്സപ്പെടുത്താന്‍ ശക്തരായ നേതാക്കള്‍ പാര്‍ലമെന്റ് സമ്മേളനം നീട്ടിവെക്കുമെന്ന് നാല് മാസങ്ങള്‍ക്ക് മുമ്പെ താന്‍ പറഞ്ഞിരുന്നതാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരവേള ഉണ്ടാകില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. നമ്മളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിന്റെ പേരില്‍ ഇതിനെ എങ്ങനെ ന്യായീകരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.
സര്‍ക്കാരിനെ ചോദ്യം ചെയ്യാമെന്നതാണ് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രാണവായു. എന്നാല്‍ ഈ സര്‍ക്കാര്‍ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് പാര്‍ലമെന്റിനെ വെറും റബര്‍സ്റ്റാമ്പാക്കി നോട്ടീസ് ബോര്‍ഡിലേക്ക് ചുരുക്കിയിരിക്കുകയാണെന്നും തരൂര്‍ പറയുന്നു.
ചോദ്യോത്തര വേള ഒഴിവാക്കിയത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറെക് ഒബ്രിയെന്‍ വിമര്‍ശിച്ചു. ചോദ്യങ്ങള്‍ ചോദിക്കാനുള്ള അംഗങ്ങളുടെ അവകാശം ഇല്ലാതാക്കരുതെന്ന് ലോക്സഭ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലയോട് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുക.
കോവിഡ് വ്യാപനം പരിഗണിച്ചാണ് ഇരുസഭകളുടെയും പ്രവര്‍ത്തനം സാമൂഹിക അകലമുള്‍പ്പെടെയുള്ളവ പാലിച്ച് ക്രമീകരിക്കുന്നത്. ആദ്യമായിട്ടാണ് ഇരുസഭകളും വ്യത്യസ്ത സമയങ്ങളില്‍ സമ്മേളിക്കുന്നത്. രാവിലെ ലോകസഭയും ഉച്ചകഴിഞ്ഞ് രാജ്യസഭയും എന്ന രീതിയിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
Content Highlights: No Question Hour in Parliament Monsoon Session, Opposition says Covid-19 excuse to murder democracy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..