
മുംബൈ: ജമ്മു-കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കും എന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വെറും കിംവദന്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ അധികാരത്തില്‍ തുടരുന്നിടത്തോളം കശ്മീരില്‍ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനും കൂട്ടുകക്ഷികള്‍ക്കും ആവില്ലെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ജമ്മു-കശ്മീര്‍ നിയമസഭയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും തന്റെ നയം വ്യക്തമാക്കിയത്.
നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ജമ്മു-കശ്മീരില്‍ പല ഗൂഡാലോചനകളും നടത്തുന്നുണ്ടെന്നും താന്‍ ഉള്ളിടത്തോളം അവിടെ ഒന്നും സംഭവിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗൂഡാലോചന മഹാരാഷ്ട്രയിലെ ജനങ്ങള്‍ മനസിലാക്കണം. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നത് രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കില്ല. മോദി ഇവിടെ ഉള്ളിടത്തോളം കാലം ജമ്മു-കശ്മീരില്‍ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസിനാവില്ല. ഭീംറാവു അംബേദ്കറിന്റെ ഭരണഘടനയിലൂന്നിയേ ജമ്മു-കശ്മീരില്‍ ഇനി കാര്യങ്ങള്‍ നടക്കൂ. ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ഒരു ശക്തിക്കുമാവില്ല', മോദി പറഞ്ഞു.
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദി സംസ്ഥാനത്ത് പങ്കെടുക്കുന്ന ആദ്യ പ്രചാരണ റാലിയാണ് ധൂലെയില്‍ നടന്നത്. പാകിസ്താന്റെ അജണ്ട ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും വിഘടനവാദികളെ വെച്ചുപൊറുപ്പിക്കില്ലെന്നും മോദി പറഞ്ഞു. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നവംബര്‍ ആദ്യവാരം ജമ്മു-കശ്മീരില്‍ നടന്ന നിയമസഭാ സമ്മേളനം ആര്‍ട്ടിക്കിള്‍ 370-ന്റെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് കയ്യാങ്കളിയിലാണ് അവസാനിച്ചത്. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിന് ഭരണഘടനാപരമായ സംവിധാനം രൂപവത്കരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം ഉണ്ടായത്.
Content Highlights: no power can bring back article 370 in jammu kashmir says pm narendra modi in maharashtra
Published: 08 Nov 2024, 03:52 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented