ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽനിന്ന് | ഫോട്ടോ: പിടിഐ
ന്യൂഡൽഹി: കരാർ കൃഷിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശമില്ലെന്നും കോർപറേറ്റ് ഫാമിങ്ങിനായി കൃഷിഭൂമി വാങ്ങില്ലെന്നും റിലയൻസ്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ റിലയൻസ് അടക്കമുള്ള കമ്പനികളെ സഹായിക്കാനാണെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കി റിലയൻസ് രംഗത്തെത്തിയിരിക്കുന്നത്.
കർഷകരിൽനിന്ന് നേരിട്ട് ഭക്ഷ്യോൽപന്നങ്ങൾ വാങ്ങില്ലെന്നും തങ്ങളുടെ വിതരണക്കാർ താങ്ങുവില (എംഎസ്പി) പ്രകാരം മാത്രമേ കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങൂ എന്നും റിലയൻസ് പ്രസ്താവനയിൽ അറിയിച്ചു. കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള ഏതെങ്കിലും തരത്തിലുള്ള ദീർഘകാല കരാർ ഉണ്ടാക്കില്ലെന്നും റിലയൻസ് പറയുന്നു.
കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെ ഫലമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ന്യായവും ലാഭകരവുമായ വില ലഭിക്കണമെന്ന കർഷകരുടെ ആഗ്രഹത്തെ റിലയൻസും തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളും പൂർണമായി പിന്തുണയ്ക്കുന്നു. ഗവൺമെന്റ് നിർണ്ണയിച്ച് നടപ്പിലാക്കുന്ന മിനിമം താങ്ങുവില സംവിധാനത്തിലൂടെയോ കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായി വില ലഭിക്കുന്ന മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ മാത്രമേ ഉത്പന്നങ്ങളെ വാങ്ങാവൂ എന്ന് കർശനമായി തങ്ങളുടെ വതരണക്കാരെ നിർബന്ധിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
'കോർപ്പറേറ്റ്' അഥവാ 'കരാർ' കൃഷിക്കായി റിലയൻസോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ കാർഷിക ഭൂമി നേരിട്ടോ അല്ലാതെയോ ഇന്ത്യയിൽ എവിടെയും വാങ്ങിയിട്ടില്ലെന്നും റിലയൻസ് വ്യക്തമാക്കുന്നു. മേലിൽ അങ്ങനെ ചെയ്യാനുള്ള ആലോചനകളില്ലെന്നും റിലയൻസിന്റെ പ്രസ്താനയിൽ പറയുന്നു.
പുതിയ കാർഷിക നിയമങ്ങളുടെ പ്രയോജനം പ്രധാനമായി ലഭിക്കുക അംബാനി, അദാനി ഗ്രൂപ്പുകൾക്കായിരിക്കുമെന്ന വിമർശനം സമരം ചെയ്യുന്ന കര്‍ഷക സംഘടനകളും മറ്റു പ്രതിപക്ഷ കക്ഷികളും ശക്തമായി ഉന്നയിക്കുന്നുണ്ട്. ഉൽപന്നങ്ങൾ ന്യായവിലയ്ക്ക് വിൽപന നടത്താനുള്ള കർഷകരുടെ അവകാശം നഷ്ടപ്പെടുന്നതിന് കാർഷക നിയമങ്ങൾ ഇടയാക്കുമെന്നും വിമർശനം ഉയരുന്നുണ്ട്.
Content Highlilghts:No Plans to Enter Contract Farming, Won't Purchase Any Agricultural Land, Says Reliance Industries
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..