ന്യൂഡല്‍ഹി: റെയില്‍വെ സ്‌റ്റേഷനുകളിലും തീവണ്ടികളിലും ഭിക്ഷാടനം അനുവദിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വെ. അത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും റെയില്‍വെയുടെ പരിഗണനയില്‍ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

തീവണ്ടികളിലും സ്റ്റേഷനുകളിലും ഭിക്ഷാടനം നടത്തുന്നത് കുറ്റകരം അല്ലാതാക്കിക്കൊണ്ട് 1989 ലെ റെയില്‍വെ ആക്ടിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താന്‍ നീക്കം നടക്കുന്നുവെന്ന തരത്തിലാണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. ഭിക്ഷാടകരെ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകള്‍ ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇവയാണ് റെയില്‍വെ മന്ത്രാലയം തള്ളിയത്. 

എന്നാല്‍ നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ നീക്കമുണ്ടെന്നും ഇതിന്റെ ഭാഗമായി പല കുറ്റകൃത്യങ്ങള്‍ ഒരു വകുപ്പിന് കീഴില്‍ കൊണ്ടുവരുമെന്നും റെയില്‍വെ വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകളിലോ തീവണ്ടികളിലും ഭിക്ഷാടനം നടത്തുന്നത് തുടര്‍ന്നും നിയമ വിരുദ്ധമായിരിക്കും. ഇത്തരക്കാര്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: No plan to allow begging on trains - Railway