ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉന്നത ഉദ്യോഗസ്ഥരുമായി കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. വീടുകളില്‍ ക്വാറന്റീനിലിരിക്കാന്‍ ഇപ്പോള്‍ ആളുകള്‍ തയ്യാറാകുന്നില്ല. പക്ഷേ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ അത്തരം ഒരു ആവശ്യം വന്നാല്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ ഡല്‍ഹിയില്‍ 2790 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈവര്‍ഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ ഒരു ദിവസം ഇത്രയും പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: No Plan For Lockdown In Delhi, Says Arvind Kejriwal Amid Covid Surge