പ്രതീകാത്മകചിത്രം| Photo: Mathrubhumi
കൊല്‍ക്കത്ത: പാര്‍ട്ടി പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറുന്നതായി ബിജെപി സ്ഥാനാര്‍ഥി മുംതാസ് അലി. കടുത്ത അവഗണനയാണ് താന്‍ നേരിടുന്നതെന്നും മത്സരിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും മുംതാസ് അലി പറഞ്ഞു.
കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 134ആം വാര്‍ഡില്‍ നിന്ന് മത്സരിക്കാനായി മുംതാസ് അലി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രിക സമര്‍പ്പിച്ച് രണ്ട് ദിവസത്തിന് ശേഷം മുംതാസ് അത് പിന്‍വലിച്ചു. പാര്‍ട്ടി തന്നെ പിന്തുണയ്ക്കുന്നില്ലെന്നാണ് മുംതാസ് ആരോപിക്കുന്നത്.
'നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ദിവസം മറ്റ് സ്ഥാനാര്‍ഥികളുടെ കൂടെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും എത്തിയപ്പോള്‍ തന്റെ കൂടെ ഇലക്ഷന് ഏജന്റ് അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനാദിവസവും താന്‍ ഒറ്റയ്ക്കായിരുന്നു. ഇലക്ഷന് ഏജന്റ് പോലും അന്നുണ്ടായിരുന്നില്ല. മറ്റ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയത് കണ്ട് താന്‍ ഞെട്ടിപ്പോയി. വിഷമം കൊണ്ട് സങ്കടം വന്നു, കരഞ്ഞു. എങ്ങനെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ടതെന്ന് ഞാന്‍ അവിടുള്ളവരോട് ചോദിച്ചു. ഉച്ചവരെ കാത്തിരുന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനു ശേഷമാണ് താന്‍ തിരിച്ചുപോയത്' മുംതാസ് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ കാര്യം നേതാക്കള്‍ ആരും അറിഞ്ഞിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷമാണ് അവര്‍ അതിനെക്കുറിച്ച് അറിയുന്നത്. പാര്‍ട്ടിക്ക് വേണ്ടി രാവും പകലും പ്രവര്‍ത്തിച്ചയാളാണ് താന്‍. താന്‍ സജീവമായി പ്രവര്‍ത്തിച്ച വാര്‍ഡ് 133ലാണ് താന്‍ മത്സരിക്കാന്‍ അവസരം ചോദിച്ചതെങ്കിലും 134ലാണ് തനിക്ക് സീറ്റ് തന്നതെന്നും മുംതാസ് പറഞ്ഞു.
'എനിക്ക് പത്ത് വോട്ട് പോലും കിട്ടില്ലെന്ന് ഉറപ്പില്ലാത്ത വാര്‍ഡിലാണ് ബിജെപി നേതൃത്വം എന്നെ മത്സരിപ്പിക്കാന്‍ ശ്രമിച്ചത്. ഞാന്‍ തീര്‍ത്തും നിസ്സഹായയാണ്. എന്നെ സഹായിക്കാന്‍ ഒരാള്‍ പോലും ഉണ്ടായില്ല. എത്രകാലം ഇതുപോലെ പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കുമെന്ന് എനിക്കറിയില്ല'. തന്നെ സഹായിക്കുന്ന, പരിഗണിക്കാന്‍ തയ്യാറായ ഒരു പാര്‍ട്ടിയിലേക്ക് താന്‍ പോകുമെന്നും ബിജെപി നേതാവ് പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..