ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ സുരക്ഷിതമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ചാക്രികമായി സംഭവിക്കുന്നതാണെന്നും നിലവിലെ സ്ഥിതിഗതികള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ യാതൊരു വിധത്തിലും ബാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രണ്ടാം മോദി സര്‍ക്കാര്‍ നൂറുദിനങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവിലെ സാമ്പത്തിക സാഹചര്യം ലോകം മുഴുവനായി അനുഭവപ്പെടുന്നതാണ്. അതിന്റെ പ്രതിഫലനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മാര്‍ക്കറ്റുകളിലും ജനങ്ങളുടെ സ്വഭാവങ്ങളിലും മാറ്റം വരുത്തുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഇതിനെ വളരെ വലിയ ഗൗരവത്തോടെ പരിഗണിക്കുന്നില്ല. പകരം ഇപ്പോള്‍ എന്താണോ ചെയ്യുന്നത് അത് തുടരുകയാണ്- അദ്ദേഹം വ്യക്തമാക്കി. 

100 ദിനങ്ങളില്‍ 90 ദിവസങ്ങളേയും കാണാത്തവര്‍ നടത്തുന്ന വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ കാണുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: No panic situation, fundamentals of Indian economy strong says Javadekar