മുംബൈ: 2024-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു പ്രതിപക്ഷ സഖ്യത്തെ കുറിച്ച് ചിന്തിക്കുക സാധ്യമല്ലെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിഎയെക്കുറിച്ചുള്ള മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് റാവുത്തിന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്. കോണ്‍ഗ്രസ് ഇല്ലാതെ അത് സാധ്യമാകില്ല, റാവുത്ത് പറഞ്ഞു. രണ്ടോ മൂന്നോ പ്രതിപക്ഷ മുന്നണികള്‍ ഉണ്ടാകുന്നതുകൊണ്ട് ഒരു ലാഭവും ഇല്ല. മാത്രമല്ല, അതിന്റെ ഗുണം ബിജെപിക്ക് മാത്രമാണെന്നും റാവുത്ത് പറഞ്ഞു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടുവെന്നും റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസും മമത ബാനര്‍ജിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശിവസേന മുന്‍കൈയെടുക്കുമോ എന്ന ചോദ്യത്തിന് അത് ചെയ്യാന്‍ ശരദ് പവാര്‍ സാബ് ഉണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് -ശിവസേന സഖ്യത്തില്‍ വിള്ളലുണ്ടെന്നും സഖ്യം പിരിയുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നതും ശ്രദ്ധേയമാണ്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കാര്യമായ വോട്ട് വിഹിതമില്ലെങ്കിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം.

Content Highlights: no opposition without congress is possible says shiv sena leader sanjay raut