ന്യൂഡല്‍ഹി: ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ആരും ബഹിഷ്‌കരിക്കപ്പെടരുതെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹമെന്ന് ശശി തരൂര്‍ എംപി. ദീപിക പദുക്കോണിന്റെ ചിത്രമായ ഛപക് കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യും, ദീപികയ്ക്ക് പിന്തുണയറിയിക്കാന്‍ ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിനോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 

ജെ.എന്‍.യു ക്യാംപസിലെത്തി പൗരത്വനിയമഭേദഗതിക്കെതിരെയുളള പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ ദീപികയുടെ പുതിയ ചിത്രമായ ഛപാക് ബഹിഷ്‌കരിക്കണമെന്ന് ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഛപാക് ബഹിഷ്‌കരിച്ച് പകരം മറാത്ത യുദ്ധവീരന്‍ തന്‍ഹാജി മാലുശ്രീയുടെ ജീവിതകഥ പറയുന്ന തന്‍ഹാജി  കാണണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ടിക്കറ്റു വിതരണം ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തി. 

ദീപികയ്ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഛപാക് സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവായ അല്‍ക ലാമ്പയും ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്രയും ചേര്‍ന്ന് ഛപാക് സ്‌പെഷ്യല്‍ സ്‌ക്രീനിങ് സംഘടിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി യൂണിയന്‍ എന്‍.എസ്.യുവിന്റെ നേതൃത്വത്തില്‍ സിനിമയുടെ സൗജന്യ ടിക്കറ്റും വിതരണം ചെയ്തു. 

Content Highlights: No one should be boycotted for showing solidarity: Cong on Deepika