ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഉദ്ധവിന്റെ പ്രതികരണം.

'പൗരത്വ നിയമ ഭേദഗതി, എന്‍.ആര്‍.എസി, എന്‍.പി.ആര്‍ എന്നിവ തങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയതാണ്. പൗരത്വ നിയമഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ല' ഉദ്ധവ് പറഞ്ഞു.

ജനങ്ങളുടെ പൗരത്വം തെളിയിക്കാന്‍ രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകന്‍ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലുണ്ടായിരുന്നു. 

അതേ സമയം സി.എ.എ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കില്ലെന്നും ഏതെങ്കിലും പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ തങ്ങള്‍ എതിര്‍ക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ കണ്ട ശേഷം ഉദ്ധവും ആദിത്യ താക്കറെയും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു.

Content Highlights: No One Should be Afraid of CAA-Uddhav Thackeray after meeting PM Modi