മരിയാനി: കോണ്‍ഗ്രസിനെക്കാള്‍ അഴിമതി നിറഞ്ഞൊരു പാര്‍ട്ടി ഇന്ത്യയിലില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബി.ജെ.പി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി തുടര്‍ന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും സ്മൃതി ഇറാനി അഭ്യര്‍ഥിച്ചു. അസമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

സംസ്ഥാനത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളു. സംസ്ഥാനത്തെ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയത്- സ്മൃതി ഇറാനി പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. പ്രധാനമന്ത്രി പദത്തില്‍ പോലുമെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അസമിലുണ്ടായിട്ടും എ.ഐ.ഐ.എം.എസ് സംസ്ഥാനത്ത് ആരംഭിക്കാന്‍ മോദി പ്രധാനമന്ത്രി ആവേണ്ടി വന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും അസമില്‍ നിന്നുള്ള രാജ്യസഭാംഗവുമായ മന്‍മോഹന്‍ സിങിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

Content Highlights: No One More Corrupt Than Congress": Union Minister Smriti Irani