
-
ന്യൂഡല്‍ഹി: അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന മുന്‍ധാരണയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവനേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. നേതാക്കള്‍ പുറത്തുപോകുന്നത് കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ചൗധരി സമ്മതിച്ചെങ്കിലും പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയില്ലാത്ത നേതാക്കളുടെ വ്യക്തിപരമായ അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനായി പാര്‍ട്ടി പ്രത്യശയാസ്ത്രത്തിലും അച്ചടക്കത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
'അമിതമായ അഭിലാഷങ്ങളുള്ള യുവനേതാക്കളുടെ ഒരു വിഭാഗം അവിടെയുണ്ട്. അവര്‍ അസ്വസ്ഥരാവുകയാണ്. പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കുന്നില്ലെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ട് അവര്‍ വ്യക്തിപരമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ തിരയുകയാണ്.
കേന്ദ്രത്തില്‍ അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന മുന്‍ധാരണ വളരുന്നതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. പാര്‍ട്ടിക്ക് അവരുടെ എല്ലാ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ അവര്‍ ഒന്നുകില്‍ കപ്പലില്‍നിന്ന് പുറത്തേക്ക് ചാടുകയോ അല്ലെങ്കില്‍ അതിനായി പരിശ്രമിക്കുകയോ ആണ്.' ചൗധരി പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയെയും സച്ചിന് പൈലറ്റിനെയും പാര്‍ട്ടി ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും ചൗധരി വ്യക്തമാക്കി. 'അര്‍ഹതപ്പെട്ടത് കിട്ടാത്ത കഴിവുള്ള നിരവധി നേതാക്കള്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അധികാരത്തിന്റെ മധുരം ആസ്വദിക്കുന്നതിന് വേണ്ടി അവര്‍ ആരെങ്കിലും പാര്‍ട്ടി വിട്ടിട്ടുണ്ടോ? ഉത്തരം ഇല്ല എന്നാണ്. പ്രതിബദ്ധതയില്ല എന്നുള്ളതാണ് പ്രശ്നം.'
മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ ജയം ജ്യോതിരാദിത്യ സിന്ധ്യയുടെ നേട്ടമാണെന്ന വാദവും ചൗധരി നിഷേധിച്ചു. അങ്ങനെയാണെങ്കില്‍ സിന്ധ്യക്ക് ലോക്സഭ സീറ്റ് നഷ്ടമാകില്ലായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് വിജയത്തിന് പിറകില്‍ സച്ചിന് പൈലറ്റിന്റെ മാത്രം പ്രവര്‍ത്തന മികവാണെന്ന കാര്യവും ചൗധരി തള്ളി. എന്നാല്‍ രണ്ടുപേര്‍ക്കും കഴിവുകളുണ്ടെന്നും സംഘടനയെ ശക്തിപ്പെടുത്താനും പ്രതിപക്ഷ ഇടത്തിന് കരുത്തുപകരാനും ഇരുവര്‍ക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ യുവതലമുറയും മുതിര്‍ന്ന തലമുറയും തമ്മിലുളള അധികാരത്തര്ക്കമാണോ യുവനേതാക്കളുടെ നിരാശയ്ക്ക് കാരണമെന്ന ചോദ്യത്തിന് നിഷേധാത്മകമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ഒരേ പ്രായത്തിലുളള നേതാക്കള്‍ മാത്രമുള്ള ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടി കാണിച്ചുതരാമോ? ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും യുവാക്കളുടെയും മുതിര്‍ന്ന നേതാക്കളുടെയും സമന്വയമാണ്. എനിക്ക് അറുപത് വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് കരുതി നിങ്ങള്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ? ബിജെപിയില്‍ അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ.അദ്വാനിയും നയിച്ചിരുന്ന കാലത്ത് നരേന്ദ്ര മോദിയെ പോലുളള മറ്റുള്ള നേതാക്കളെയും ഇന്നത്തെ ബി.ജെ.പി. നേതൃത്വത്തെയും അവര്‍ വളര്‍ത്തിയെടുത്തിരുന്നു.' - ചൗധരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് ഭീഷണിയാകുമെന്നതിനാല്‍ സച്ചിനെയും സിന്ധ്യയെയും മാറ്റി നിര്‍ത്തിയെന്ന വിമര്‍ശനങ്ങളെയും അദ്ദേഹം നിഷേധിച്ചു. കോണ്‍ഗ്രസിനുള്ളില്‍ നേതൃത്വ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വ പ്രതിസന്ധിയെന്നുള്ളത് മാധ്യമങ്ങളുടെ സൃഷ്ടിയാണ്. ഞങ്ങള്‍ക്ക് നേതാവായി സോണിയ ഗാന്ധിയുണ്ട്. 2004 - 2014 വരെ തുടര്‍ച്ചയായി രണ്ടു തവണ പാര്‍ട്ടി വിജയിച്ചത് അവരുടെ നേതൃത്വത്തിലാണ്. അവരുടെ രാഷ്ട്രീയ മികവിനെ ആരും ചോദ്യം ചെയ്യേണ്ടതില്ല. ഞങ്ങളാഗ്രഹിക്കുന്നത് ഗാന്ധി കുടുംബത്തിലെ ആരെങ്കിലും ഞങ്ങളെ നയിക്കണമെന്നാണ്. സോണിയ ഗാന്ധി വളരെ നല്ല പ്രവര്‍ത്തനമാണ് കഴിഞ്ഞ വര്‍ഷം കാഴ്ച വെച്ചത്. രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് എല്ലായ്പ്പോഴും അത് ചെയ്യാന്‍ കഴിയും.'
ആവര്‍ത്തിച്ചുളള തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കിടയിലും നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് മറ്റൊരാളെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഗാന്ധി കുടുംബത്തിനുള്ള വ്യക്തിപ്രഭാവം മറ്റാര്ക്കുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.'ഗാന്ധി കുടുംബത്തിനുള്ള വ്യക്തിപ്രഭാവം മറ്റാര്‍ക്കും ഇല്ല. അത്തരം വ്യക്തിപ്രഭാവമുളള ഒരാള്‍ ഞങ്ങള്‍ക്കുണ്ടെങ്കില്‍ അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാനാകും. മുന്‍കാലങ്ങളില്‍ നരസിംഹറാവു, സീതാറാം കേസരി എന്നിവര്‍ പാര്‍ട്ടി പ്രസിഡന്റുമാരായിരുന്നു.'
Content Highlights:No one has the charisma of Gandhi family says Adhir Ranjan Choudhury
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..