ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മേയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് സര്‍വകലാശാലകള്‍ക്ക് യു.ജി.സിയുടെ നിര്‍ദേശം. പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകള്‍ ഓണ്‍ലൈന്‍ ആയി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യു.ജി.സി. വ്യക്തമാക്കി. 

നിലവിലെ കോവിഡ് സാഹചര്യത്തില്‍ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യമെന്നും സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അയച്ച കത്തില്‍ യു.ജി.സി. പറയുന്നു. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ മന്ത്രാലയം, യു.ജി.സി. എിവരുടെ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താവൂ എന്നും യു.ജി.സി. നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 

നേരത്തെ, കേന്ദ്രസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന(ഐ.ഐ.ടി.,എന്‍.ഐ.ടി.,ഐ.ഐ.ഐ.ടി.,കേന്ദ്രസര്‍വകലാശാലകള്‍ തുടങ്ങിയവ)എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മേയ് മാസത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. പരീക്ഷകളുമായി ബന്ധപ്പെട്ട വിഷയം ജൂണ്‍മാസം ആദ്യവാരം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

കേന്ദ്രസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. എന്നാല്‍ യു.ജി.സി. നിര്‍ദേശം സംസ്ഥാന-സ്വകാര്യ സര്‍വകലാശാലകള്‍ ഉള്‍പ്പെടെ യു.ജി.സിയുടെ കീഴില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

content highlights: no offline exams on may-ugc to universities