Representational Image| Photo: Reuters
ന്യൂഡല്‍ഹി: പാർലമെന്റില്‍ വീണ്ടും ചൂടേറിയ ചർച്ചകള്‍ക്ക് വഴിതുറന്ന് സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വിസ് ബാങ്കില്‍ നിഷേപിച്ച കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് എം.പി. വിന്‍സെന്റ് എച്ച്. പാല കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് കള്ളപ്പണം തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്നും കേസില്‍ എത്രപേരെ അറസ്റ്റുചെയ്തെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്വിസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണം സംബന്ധിച്ച് ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്ര ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി മറുപടി നല്കി. എന്നാല്‍, വിദേശത്തു നിഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കുന്നതിനു സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്തു നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം കണ്ടുകെട്ടുന്നതിനു പുതിയ നിയമം കൊണ്ടുവന്നു. ഈ നിയമമനുസരിച്ച് 107 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. 2021 മേയ് 31 വരെ 8216 കോടി രൂപ തിരിച്ചെത്തിച്ചതായും മന്ത്രി പറഞ്ഞു.
എച്ച്.എസ്.ബി.സി. കള്ളപ്പണ കേസില്‍ നികുതിയും പിഴയുമായി 1294 കോടി രൂപ പിടിച്ചെടുത്തു. ഐ.സി.ഐ.ജെ. കേസില്‍ 11,010 കോടി രൂപയും പാനമ പേപ്പേഴ്സ് കേസില്‍ 20,078 കോടി രൂപയും പാരഡൈസ് പേപ്പേഴ്സ് ലീക്ക് കേസില്‍ 246 കോടി രൂപയും പിടിച്ചെടുത്തതായും മന്ത്രി വ്യക്തമാക്കി.
Content Highlights: No official estimate of black money stashed in swiss banks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..