ന്യൂഡല്‍ഹി: പഴയ മന്ത്രിസഭയെ തന്നെ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് എഎപിയുടെ തീരുമാനമെന്ന് സൂചന. രാഘവ് ചദ്ദ, അതിഷി എന്നീ പുതുമുഖങ്ങള്‍ മന്ത്രിസഭയിലുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ മന്ത്രിസഭയില്‍ പഴയവരെ തന്നെ നിലനിര്‍ത്താന്‍ എഎപി തീരുമാനിച്ചതായി വാര്‍ത്ത വന്നിരിക്കുന്നത്. 

പഴയ മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രവര്‍ത്തനമാണ് മികച്ച വിജയം വീണ്ടും കൈപ്പിടിയിലൊതുക്കാന്‍ എഎപിയെ സഹായിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. അതിനാല്‍ മന്ത്രിസഭയില്‍ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര പാല്‍ ഗൗതം എന്നിവര്‍ ഉണ്ടാകും. 

ഡല്‍ഹി മുഖ്യമന്ത്രിയായി ഞായറാഴ്ചയാണ് അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ബുധനാഴ്ച രാവിലെ 11 മണിക്ക് ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ കെജ്‌രിവാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന്  തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗം കെജ്‌രിവാളിന്റെ വീട്ടില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് മന്ത്രിസഭാ അംഗങ്ങളെ മാറ്റേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.

Content Highlights: No new ministers in new cabinet says AAP source