ന്യൂഡൽഹി: നിലവിലുള്ള ഡെൽറ്റ, ആൽഫാ വകഭേദങ്ങളല്ലാതെ രാജ്യത്ത് പുതുതായി മറ്റൊരു കോവിഡ് വകഭേദവും കണ്ടെത്തിയിട്ടില്ലെന്ന് ബയോ ടെക്നോളജി വിഭാഗം സെക്രട്ടറി ഡോ. വേണു സ്വരൂപ്.

നിലവിൽ രാജ്യത്ത് ഡെൽറ്റ, ആൽഫ വകഭേദങ്ങളല്ലാതെ മറ്റൊരു വകഭേദവും കണ്ടെത്തിയിട്ടില്ല. ജീനോം സീക്വൻസിംഗ് വ്യാപിപ്പിക്കുകയാണ്. നിലവിലുള്ള കോവിഡ് വകഭേദങ്ങളെ കൂടാതെ പുതിയ വകഭേദങ്ങൾ കണ്ടെത്താൻ വേണ്ടി 80,000ത്തോളം പരിശോധനകൾ നടത്തി. രാജ്യത്ത് ലഭ്യമായ കോവിഡ് -19 വാക്സിനുകൾ വകഭേദങ്ങൾക്കെതിരായി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഡോ. വേണു സ്വരൂപ് വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള വാക്സിനുകൾ കോവിഡിന്റെ വിവിധ വകഭേദങ്ങളിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കാൻ സാധിക്കുന്ന വാക്സിനെക്കുറിച്ച് സർക്കാർ തലത്തിൽ ആലോചിച്ചു വരികയാണെന്ന് ഡോ. വേണു സ്വരൂപ് പറഞ്ഞു.

അതേസമയം സൈഡസ് കാഡിലയുടെ മൂന്ന് ഡോസ്‌ കോവിഡ് 19 ഡി.എന്‍.എ. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐ. അനുമതി നല്‍കിയിരുന്നു. ബയോളജിക്കൽ ഇയുടെ കോർബെവാക്സ് സെപ്തംബർ അവസാനത്തോടെ അംഗീകാരത്തിന് അപേക്ഷിക്കും. കൂടാതെ ഭാരത് ബയോടെക്കിന്റെ നേസൽ സ്പ്രേ കോവിഡ് -19 വാക്സിൻ പരീക്ഷണങ്ങൾക്കു വിധേയമാണെന്നും ഉടൻ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുമെന്നും ഡോ. ​​സ്വരൂപ് കൂട്ടിച്ചേർത്തു.

Content Highlights No new COVID-19 variant found except Delta, Alpha - Govt expert