ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലും സ്ഥിതി പൂര്‍ണമായും നിയന്ത്രണത്തിലാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാലാണ് കേസുകളുടെ എണ്ണം ഉയരുന്നതെന്നും ഓണ്‍ലൈനിലൂടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

കോവിഡ് പ്രതിരോധ നടപടികള്‍ പിന്തുടരാന്‍ ഡല്‍ഹി നിവാസികളോട് ആവശ്യപ്പെട്ട കെജ്‌രിവാള്‍ കോവിഡ് പ്രതിരോധത്തില്‍ അശ്രദ്ധയോടെയുള്ള മനോഭാവത്തിന് ഇടമില്ലെന്നും പറഞ്ഞു. ദേശീയ തലസ്ഥാന പ്രദേശത്ത് കോവിഡ് മരണങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹിയില്‍ കോവിഡ് ബെഡുകള്‍ക്ക് ക്ഷാമമില്ലെന്നും നിലവിലുള്ള 14,000 ബെഡുകളില്‍ 5000-ല്‍ മാത്രമേ രോഗികളുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 5000 കിടക്കകളില്‍ 1600-1700 ബെഡുകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളിയാഴ്ച ഡല്‍ഹിയില്‍ 2914 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥരീകരിച്ചത്. 69 ദിവസത്തിന് ശേഷം ഇതാദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

Content Highlights: No need to panic, Covid-19 situation is completely under control in Delhi: Kejriwal