ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റിലേയും വോട്ടുകള്‍ തമ്മില്‍ പൊരുത്തക്കേടുള്ളതായി എവിടേയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബി.ഇ.എല്‍). കമ്പനി ചെയര്‍മാനും എംഡിയുമായ എം.വി.ഗൗതമ. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടിങ് യന്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ സ്ഥാപനമാണ് ബി.ഇ.എല്‍.

ഇവിഎമ്മിലേയും വിവിപാറ്റിലേയും വോട്ടുകള്‍ വ്യത്യാസം വരാന്‍ ഒരു സാധ്യതയും കാണുന്നില്ല. അടുത്ത് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സംഭവം പോലും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിപാറ്റുകള്‍ ഉപയോഗിക്കുന്നത് ഇവിഎമ്മില്‍ കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനാണ്. കൃത്രിമം നടത്തിയാല്‍ വിവിപാറ്റിലൂടെ അത് കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ ആരെങ്കിലും കൃത്രിമം നടത്തിയാല്‍ അത് കണ്ടെത്തുക വലിയ പ്രയാസകരമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് വോട്ടിങ് മെഷീനെ കുറച്ച് വല്ല സംശയവും ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കാം. എല്ലാ മെഷീനുകളും അടുത്ത 45 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് 10 ലക്ഷം വോട്ടിങ് മെഷീനുകളാണ് ഭാരത് ഇലക്ട്രോണിക്‌സ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: No mismatch between EVMs and VVPATs reported in LS polls, says BEL CMD