കാബൂൾ വിമാനത്താവളത്തിൽ വിമാനത്തിലേറാൻ കാത്തുനിൽക്കുന്നവർ | Photo : AP
താലിബാനില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന നൂറുകണക്കിനാളുകളുടെ തിരക്കാണ് കാബൂള്‍ വിമാനത്താവളത്തില്‍. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യാക്കാരെ രാജ്യത്ത് തിരികെയെത്തിക്കുന്നതിനായി വ്യോമസേനാ വിമാനങ്ങള്‍ അടിയന്തരസര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് പുറത്ത് തങ്ങളുടെ യാത്രാഊഴവും കാത്തിരിക്കുന്ന ജനങ്ങള്‍ നിരാശയിലും പരിഭ്രമത്തിലുമാണ്.
'മൂന്ന് ദിവസമായി എന്റെ മകളും കുട്ടിയും തെരുവിലാണ് കഴിയുന്നതെന്ന് പറയാം'. ഇന്ത്യയിലേക്കുള്ള യാത്രക്കായി കാത്തിരിക്കുന്ന ഒരു യുവതിയുടെ അമ്മ എന്‍ഡിടിവിയോട് പ്രതികരിച്ചു. മുപ്പത്തിരണ്ടുകാരിയായ യുവതി അഫ്ഗാന്‍ സ്വദേശിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. യുവതിയും രണ്ട് വയസ് പ്രായമുള്ള കുഞ്ഞും സുരക്ഷിതരായി ഇന്ത്യയിലുള്ള ബന്ധുക്കളുടെ അരികിലേക്ക് എത്തിച്ചേരാനുള്ള പ്രാര്‍ഥനയിലാണ് ആ അമ്മ.
'ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ലഗേജുകളൊന്നുമില്ലാതെ അവര്‍ വിമാനത്താവളത്തിന് സമീപമുള്ള വിവാഹ ഹാളിലെത്തിച്ചേര്‍ന്നത്. പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ വിമാനത്താവളത്തിലേക്ക് പോകാന്‍ ബസില്‍ കയറ്റി. പിറ്റേന്ന് രാവിലെ വരെ അവര്‍ ബസിനുള്ളില്‍ തന്നെ കഴിച്ചു കൂട്ടി. അപ്പോള്‍ അവിടെയെത്തിയ താലിബാന്‍ സംഘം അവരില്‍ നിന്ന് 150 ഓളം പേരെ ബലമായി കൊണ്ടുപോയി'.
പിടിച്ചു കൊണ്ടു പോയവരുടെ രേഖകള്‍ പരിശോധിച്ച ശേഷം താലിബാന്‍ അവരെ വിട്ടയച്ചു. മകളെയും കുഞ്ഞിനേയും താലിബാന്‍ സംഘം കൊണ്ടു പോയില്ലെങ്കിലും ആ സംഭവത്തിന്റെ നടുക്കത്തിലാണ് അവളെന്ന് ആ അമ്മ പറയുന്നു. ' കുഞ്ഞിന് കുടിക്കാന്‍ പാലില്ല, ആളുകള്‍ക്ക് കുടിക്കാന്‍ വെള്ളമില്ല', ഡല്‍ഹിയിലുള്ള അവര്‍ കൂട്ടിച്ചേര്‍ത്തു. മകളേയും കുഞ്ഞിനേയും സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് അപേക്ഷിച്ചു. മകള്‍ പറഞ്ഞതനുസരിച്ച് ഏകദേശം മുന്നൂറോളം ആളുകള്‍ ആ ഹാളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനോടകം 222 ഇന്ത്യാക്കാരെ രണ്ട് വിമാനങ്ങളിലായി അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലെത്തിച്ചു. തജിക്കിസ്ഥാന്‍ വഴിയും ദോഹ വഴിയുമാണ് വിമാനങ്ങള്‍ ഡല്‍ഹിയിലെത്തിയത്. രക്ഷാദൗത്യം തുടരുമെന്നും അഫാഗാനിസ്ഥാനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെ കുറിച്ചുള്ള കൃത്യമായ വിവരം ശേഖരിച്ചു വരികയാണെന്നും ഇവരെ സുരക്ഷിതരായി നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Content Highlights: "No Milk For Kid, No Water": Mother Of Indian Woman Waiting Outside Kabul Airport
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..