ന്യൂഡല്‍ഹി: ഡല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്‌ലിയെക്കുറിച്ച് അഴിമതി പരാമര്‍ശമില്ല.
247 പേജുള്ള റിപ്പോര്‍ട്ടില്‍ കോട്‌ല സ്‌റ്റേഡിയത്തിലെ കോര്‍പ്പറേറ്റ് ബോക്‌സ് നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും റിപ്പോര്‍ട്ടില്‍ ഒരിടത്തും ആരുടേയും പേര് പരാമര്‍ശിക്കുന്നില്ല.
എന്നാല്‍ റിപ്പോര്‍ട്ട് ക്രമക്കേടുകളെക്കുറിച്ച് മാത്രമാണെന്നും അതുകൊണ്ടാണ് വ്യക്തികളെക്കുറിച്ച് പരാമര്‍ശിക്കാത്തതെന്നും ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ജെയ്റ്റ്‌ലി അധ്യക്ഷനായിരിക്കെ, ഡി.ഡി.സി.എ. ഫിറോസ്ഷാ കോട്‌ല സ്റ്റേഡിയത്തിലെ വിവിധ പ്രവൃത്തികളുടെ പേരില്‍ 87 കോടി രൂപ കടലാസ് കമ്പനികള്‍ക്ക് നല്‍കിയെന്നാണ് ബി.ജെ.പി. എം.പി. കീര്‍ത്തി ആസാദ് ആരോപിച്ചത്. ഇതേത്തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. തന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത് ജെയ്റ്റ്‌ലിക്കെതിരെയുള്ള രേഖകള്‍ പിടിച്ചെടുക്കാനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആരോപിച്ചിരുന്നു.