രാജ്നാഥ് സിങ് | Photo: ANI
ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തയിലെ സംഘർഷ സാഹചര്യം സംബന്ധിച്ച സൈനിക, നയതന്ത്ര തല ചർച്ചകളിൽ ഒരുവിധത്തിലുമുള്ള അർഥപൂർണമായ പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിഷയത്തിൽ തൽസ്ഥിതി തുടരുകയാണ്. ഈ സാഹചര്യത്തിൽ മേഖലയിലെ സൈനിക വിന്യാസം കുറയ്ക്കാൻ സാധിക്കില്ലെന്നും വാർത്താ ഏജൻസി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ സൈനിക-നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആദ്യവും ഓൺലൈൻ ആയി ചർച്ചകൾ നടന്നു. അടുത്ത ഘട്ട ചർച്ച വൈകാതെ ഉണ്ടാകും. എന്നാൽ ഇതുവരെ അർഥപൂർണമായ ഒരു ഫലവും ഉണ്ടായിട്ടില്ല, അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ സന്ദേശ വിനിമയം നടക്കുന്നുണ്ടെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ചർച്ചകൾ തുടരാനാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയുടെ ആത്മാഭിമാനത്തെ മുറിവേൽപിക്കുന്ന ഒരു കാര്യത്തെയും ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യ മര്യാദയോടെ ഇടപെടുന്നതിന് അർഥം നമ്മുടെ അഭിമാനത്തിനു നേർക്ക് ആക്രമണം നടത്താമെന്നോ അത് നാം നിശ്ശബ്ദമായി നോക്കിക്കൊണ്ടിരിക്കുമെന്നോ അല്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Content Highlights:No meaningful outcome of Sino-India talks on LAC standoff, says Rajnath Singh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..