Rajnath singh | Photo: PTI
ന്യൂഡൽഹി: അരുണാചല്‍പ്രദേശിലെ തവാങ്ങ് സെക്ടറില്‍ ചൈന തൽസ്ഥിതിയില്‍ മാറ്റംവരുത്താന്‍ ശ്രമിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. അതിർത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങളല്ലാതെ കൂടുതലൊന്നും പ്രസ്താവനയിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ഹ്രസ്വ പ്രസ്താവനയാണ് ലോക്സഭയിൽ നടത്തിയത്.
'തവാങ് സെക്ടറിൽ ചൈനീസ് സേന കടന്നുകയറാൻ ശ്രമിച്ചു. നിലവിലുള്ള സ്ഥിതി മാറ്റാനാണ് ചൈനീസ് സേന ശ്രമിച്ചത്. ഇത് ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. ഇതിനെത്തുടർന്ന് ചൈനീസ് പട്ടാളത്തിന് തിരികെ പോകേണ്ടി വന്നു. സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും സൈനികർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരിക്ക് ഇന്ത്യൻ സൈനികർക്കുണ്ടായിട്ടില്ല', രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിൽ ഇന്ത്യൻ സൈന്യം സുശക്തമാണ്. സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രാദേശിക തലത്തിൽ ഫ്ലാഗ് മീറ്റിങ് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിങ് ലോക്സഭയിൽ അറിയിച്ചു.
പ്രതിപക്ഷം ഇക്കാര്യത്തിൽ പല സംശയങ്ങളും ലോക്സഭയിൽ പ്രകടിപ്പിച്ചെങ്കിലും പ്രസ്താവനയ്ക്കപ്പുറത്തേക്ക് കൂടുതൽ കാര്യങ്ങൾ വിവരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഒമ്പതാം തീയതി നടന്ന സംഭവം അറിയിക്കാൻ ഇത്രയും ദിവസം വൈകിയത് എന്തുകൊണ്ട് എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, അതിന് ശേഷമുള്ള രണ്ട് ദിവസങ്ങളിൽ അവധിയായിരുന്നുവെന്നായിരുന്നു മറുപടി. കൂടുതൽ വിവരങ്ങൾ നൽകാൻ തയ്യാറാകത്തിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ച് ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. ഈ മേഖലയിലേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സേന തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. യാങ്സെയിലെ ഇന്ത്യന്‍ പോസ്റ്റ് പിടിച്ചെടുക്കാനെത്തിയ മുന്നൂറോളം ചൈനീസ് സൈനികരെ ഇന്ത്യ തുരത്തുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒമ്പത് ഇന്ത്യന്‍ സൈനികര്‍ ചികിത്സയിലാണ്. നിരവധി ചൈനീസ് സൈനികര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
Content Highlights: No major injuries. Army can tackle such forces Rajnath singh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..