
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും (ഫയൽ ചിത്രം) | Photo : PTI
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ തുടരില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് അറിയിച്ചു. എങ്കിലും കോവിഡ് വ്യാപനം തടയാന്‍ ചില സ്ഥലങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരുമെന്നും സത്യേന്ദര്‍ ജെയിന് ബുധനാഴ്ച വ്യക്തമാക്കി.
വിപണനകേന്ദ്രങ്ങള്‍ ഹോട്ട്സ്പോട്ടുകളാകുന്നുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതാണ് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനിടയാക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉത്സവദിനങ്ങളിലും അവധിദിവസങ്ങളിലും കോവിഡ് പരിശോധനയില്‍ കുറഞ്ഞതിനാല്‍ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. 15.33 ശതമാനം വരെ രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് നിരക്കിലും കുറവ് വന്നതായി ആരോഗ്യമന്ത്രി അവകാശപ്പെട്ടു.
രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണെങ്കിലും കോവിഡിന്റെ ഔന്നത്യം കഴിഞ്ഞതായും സത്യേന്ദര്‍ ജെയിന് പറഞ്ഞു. മാസ്ക് ധരിക്കുന്നത് രോഗവ്യാപനം കുറയ്ക്കുമെന്നും ലോക് ഡൗണിന്റെ ഫലം മാസ്ക് ധരിക്കുന്നതിലൂടെ ലഭിക്കുമെന്നും അതിനാല്‍ ലോക്ഡൗണ്‍ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: No lockdown, but there may be local restrictions, says Delhi health minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..