ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനിയൊരു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വീറ്റിലൂടെയാണ് കെജ്‌രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യതലസ്ഥാനത്ത് കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും കോവിഡ്-19 നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇനി ലോക്ക്ഡൗണ്‍ നടപ്പാക്കില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.

ഇനി മറ്റൊരു ലോക്ക്ഡൗണ്‍ ഡല്‍ഹിയില്‍ നടപ്പാക്കിയേക്കുമെന്ന വിധത്തില്‍ പല ആളുകളും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തില്‍ യാതൊരു പദ്ധതിയുമില്ല- കെജ്‌രിവാള്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഇതിനോടകം 41,000ല്‍ അധികം ആളുകള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാംസ്ഥാനത്താണ് ഡല്‍ഹിയുള്ളത്. ഇതുവരെ 1,300ല്‍ അധികം പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ജീവന്‍ നഷ്ടമായത്.

ജൂണ്‍ എട്ടു മുതല്‍ കടകളും വാണിജ്യ സമുച്ചയങ്ങളും ഓഫീസുകളും ഡല്‍ഹിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു. നിയന്ത്രണങ്ങളോടെ പൊതുഗതാഗതവും അനുവദിച്ചിരുന്നു.

അതേസമയം കോവിഡ്-19 കേസുകളിലെ വര്‍ധനയും ആശുപത്രികളില്‍ മതിയായ ബെഡ് സൗകര്യങ്ങള്‍ ഇല്ലെന്ന പരാതി ഉയര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ 'റീലോക്ക് ഡല്‍ഹി' എന്ന പ്രചരണം വ്യാപകമായി നടന്നിരുന്നു. ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

content highlights: no lock down plans in delhi says arvind kejriwal