ഗുവാഹട്ടി/പാട്‌നാ/കൊല്‍ക്കത്ത: ആസാം, ബീഹാര്‍, വടക്കന്‍ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മഴക്കെടുതിയില്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 കടന്നു. മഴ ശമനമില്ലാതെ തുടരുകയാണ്. 

ആസാം

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആസാം വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബുധനാഴ്ചയും 11 പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 39 ആയി. സംസ്ഥാനത്തെ 24 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 33.45 ലക്ഷം ആളുകളാണ് വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്നത്. 

ഗുവാഹട്ടിയിലെ എട്ട് പേര്‍ ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം 123 പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആസാമില്‍ മരിച്ചത്. 

സംസ്ഥാനം അനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ അറിയിക്കാനും ദുരിതാശ്വാസ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെടാനുമായി ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. 

ആസാമിലെ 2970 ഗ്രാമങ്ങളിലായി 1.43 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ കൃഷി പൂര്‍ണമായി നശിച്ചതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 304 ദുരിതാശ്വാസ ക്യാമ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. 1.3 ലക്ഷം ആളുകളെയാണ് ഇവിടങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

ബ്രഹ്മപുത്രയിലെ ജലനിരപ്പ് താഴാത്തതാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയാതിരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. മറ്റ് പുഴകളിലെ ജലനിരപ്പും അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. 

വനമേഖല, വന്യജീവ സങ്കേതം തുങ്ങിയവയും വെള്ളത്തിനിടിയിലായത് അപകട സാധ്യതയുടെ ആക്കം കൂട്ടുന്നു. 

Bihar Flood

ബീഹാര്‍

ബീഹാറിലെ വടക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാളിലും തുടരുന്ന ശക്തമായ മഴ ബീഹാറിന്റെ 14 സംസ്ഥാനങ്ങളെ വെള്ളത്തിനടയിലാക്കി. മരണസംഖ്യ 56ല്‍ നിന്നു 72 ആയി ഉയര്‍ന്നിട്ടുണ്ട്. 

ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയെയും വെള്ളപ്പൊക്ക ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും 2.74 ലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍, 1.16 ലക്ഷം ആളുകളെ 504 ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിച്ചതായി ദുരിന്ത നിവാരണ സേന അറിയിച്ചു. 

സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും ഹെലികോപ്റ്റര്‍ സര്‍വേ നടത്തിയിരുന്നു. 

വെള്ളപ്പൊക്കം ഗതാഗത സംവിധാനം താറുമാറാക്കി. സംസ്ഥാനത്തിന്റെ പലഭാഗത്തും ട്രെയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. 

North Bengal Flood

വടക്കന്‍​ ബംഗാള്‍

വടക്കന്‍ ബംഗാളില്‍ കനത്തമഴ 32 പേരുടെ ജീവനെടുത്തു. ആറ് ജില്ലകളിലായി 14 ലക്ഷം ആളുകളെയാണ് മഴ ബാധിച്ചിരിക്കുന്നത്. ഭൂട്ടാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ഇവിടെ വെള്ളപ്പൊക്കമുണ്ടാക്കിയത്. 

സര്‍ക്കാരിന്റെ 622 ദുരിതാശ്വാസ ക്യാമ്പ് ഉള്‍പ്പെടെ 800 ക്യാമ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 1.38 ലക്ഷം ആളുകളെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്ക് ദുരിതാശ്വാസം ഒരുക്കുകയാണ് പ്രഥമിക ലക്ഷ്യമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയുടെ നിലപാടിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ആദ്യം ആളുകളെ രക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും അതിനുശേഷമാണ് കേടുപാടുകളുടെ കണക്കെടുക്കേണ്ടതെന്നുമാണ് മമത പറഞ്ഞത്. 

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നതിനായി നാല് അധിക ട്രെയില്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. എന്നാല്‍, വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലേക്കുള്ള ട്രെയില്‍ സര്‍വീസ് തടസപ്പെട്ടിട്ടുണ്ട്.