ഛണ്ഡീഗഢ്: ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കാത്ത രാഷ്ട്രീയ നേതൃത്വത്തെ കുറ്റപ്പെടുത്തി മുന്‍ കരസേനാ മേധാവി ജനറല്‍ വിപി മാലിക്ക്. രാജ്യത്തിന്റെ ദേശീയ സുരക്ഷ ഇപ്പോഴും ദുര്‍ബലമാണ്, കാര്‍ഗില്‍ യുദ്ധത്തില്‍നിന്ന് ഉചിതമായ ഒരു പാഠവും രാജ്യം പഠിച്ചിട്ടില്ലെന്നും വിപി മാലിക്ക്‌ അഭിപ്രായപ്പെട്ടു. 

പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താന്‍ രാജ്യം തദ്ദേശീയമായ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും വിപി മാലിക്ക് പറഞ്ഞു. ഛണ്ഡീഗഢില്‍ നടന്ന സൈനിക സാഹിത്യോത്സവത്തില്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യയും ദേശീയ സുരക്ഷയും'' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"കാര്‍ഗില്‍ യുദ്ധ സമയത്ത് വാങ്ങിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ക്കും ആയുധങ്ങള്‍ക്കും ചില വിദേശ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് അമിത നിരക്ക് ഈടാക്കിയെന്നും കാര്‍ഗില്‍ യുദ്ധ സമയത്തെ കരസേന മേധാവി കൂടിയായ മാലിക്ക് വെളിപ്പെടുത്തി. യുദ്ധ സമയത്തെ അടിയന്തര ആവശ്യമായതിനാല്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ പരമാവധി ചൂഷണം ചെയ്തു. കുറച്ച് തോക്കുകള്‍ക്കായി ഒരു രാജ്യത്തെ സമീപിച്ചപ്പോള്‍ എത്തിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. എന്നാല്‍ അയച്ച ആയുധങ്ങളെല്ലാം പഴക്കമേറിയവയായിരുന്നു. വെടിമരുന്നിനായി മറ്റൊരു രാജ്യത്തെ സമീപിച്ചപ്പോഴും സമാനമായ സാഹചര്യമായിരുന്നു. 1970 കാലഘട്ടത്തെ വെടിമരുന്നാണ് അവരില്‍ നിന്ന് ലഭിച്ചത്" - മാലിക്ക് പറഞ്ഞു. 

സൈനിക നടപടികള്‍ക്കായി വാങ്ങിയ ഓരോ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും 36000 രൂപ നല്‍കിയാണ് നമ്മള്‍ വാങ്ങിയത്. എന്നാല്‍ അവയെല്ലാം മൂന്ന് വര്‍ഷത്തോളം പഴയ ചിത്രങ്ങളായിരുന്നു. സൈനിക ആവശ്യങ്ങള്‍ക്കുള്ള ആയുധങ്ങള്‍ ഇന്ത്യ ഇപ്പോഴും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ആയുധങ്ങള്‍ കൈമാറുന്നതില്‍ പൊതുമേഖല യൂണിറ്റുകളുടെ പരാജയമാണ് ഇതിനുള്ള കാരണം. സൈനിക ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ പൊതുമേഖല യൂണിറ്റുകള്‍ക്ക് കൂടുതല്‍ പ്രധാന്യം ആവശ്യമാണെന്നും വിപി മാലിക്ക് ചൂണ്ടിക്കാട്ടി

Content Highlights; no lessons learnt from kargil, says ex army chief gen. vp malik