മുംബൈ: 2000 രൂപയുടെ നോട്ട് പുറത്തിറക്കിയിട്ട് ഒരുവര്‍ഷമാകുന്നു. 200 രൂപ നോട്ടുകള്‍ വിപണിയില്‍ എത്തിത്തുടങ്ങിയിട്ട് അധികമായില്ല. എന്നാല്‍ ഈ രണ്ട് നോട്ടുകളുടെ ശ്രേണി പുറത്തിറക്കുന്നതിനെക്കുറിച്ച് നാളിതുവരെ ഉത്തരവൊട്ടിറങ്ങിയിട്ടുമില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉത്തരവൊന്നുമില്ലെന്ന് മറുപടി കിട്ടിയിരിക്കുന്നത്. മുംബൈ സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ എം.എസ്. റോയിക്കാണ് ഈ മറുപടി കിട്ടിയത്. വിവരാവകാശ രേഖ പ്രകാരം പുതിയ 2000, 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനായി ആര്‍ബിഐ ഒരുത്തരവുപോലും രേഖാമൂലം നല്‍കിയിട്ടില്ല.

അതേസമയം നോട്ട് അസാധുവാക്കലിന് ആറുമാസം മുമ്പ് 2016 മെയ് 19 ന് ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പുതിയ നോട്ടുകളെ സംബന്ധിച്ച നിര്‍ദ്ദേശം പാസാക്കുകയും അത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി അയയ്ക്കുകയും ചെയ്തു. ബോര്‍ഡ് മീറ്റിങ്ങിന്റെ മിനുട്സില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നോട്ടുകളുടെ മൂല്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇല്ല.

കൂടാതെ 2017 ഫെബ്രുവരിയില്‍ 27 നല്‍കിയ മറ്റൊരു വിവരാവകാശ അപേക്ഷയില്‍ നിന്ന് ലഭിച്ച മറുപടിയില്‍ 1993 ജൂലൈ 15, 1994 ജൂലൈ 13, 2016 മെയ് 19 എന്നീ ദിവസങ്ങളില്‍ പുതിയ നോട്ടിനെ സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവുകളില്‍ പറയുന്നത് 10, 20, 50, 100, 500 രൂപ നോട്ടുകളെക്കുറിച്ച് മാത്രമാണ്. അതിലെങ്ങും 2000 രൂപയുടെയോ അടുത്തിടെ പുറത്തിറങ്ങിയ 200 രൂപ നോട്ടിന്റെയോ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

അപ്പോള്‍ ആര്‍ബിഐ അനുമതി നല്‍കാതെ ആരാണ് പുതിയ 2000, 200 രൂപ നോട്ടുകള്‍ അട്ടടിച്ച് വിതരണം ചെയ്യാന്‍ അനുമതി നല്‍കിയതെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. ആ നോട്ടുകള്‍ക്കായി ആര്‍ബിഐ ബോര്‍ഡ് പ്രത്യേക ഉത്തരവുകളിലൂടെ അനുമതി നല്‍കിയിട്ടില്ലെങ്കില്‍ അതിന്റെ നിയമപ്രാബല്യം സംശയത്തിലാണെന്ന് റോയ് പറയുന്നു. വിഷത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും റോയ് പറയുന്നു. ഇദ്ദേഹത്തിന് ലഭിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ കേന്ദ്രസര്‍ക്കാരും ആര്‍ബിഐ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതായി വരും.