ഐസ്വാള്‍: മിസോറാമിലെ മാവ്‌ഹെരെയ് ഗ്രാമത്തിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ക്ക് ദിവസവും രാവിലെ ട്രെക്കിങ്ങുണ്ട്. ഒരു മണിക്കൂറോളം നീളുന്ന മലകയറ്റം സെമസ്റ്റര്‍ പരീക്ഷ എഴുതാനുള്ള യാത്രയാണ്. ഓണ്‍ലൈനായി പരീക്ഷ നടക്കുന്നതിനാല്‍ മതിയായ ഇന്റര്‍നെറ്റ് ലഭ്യത തേടിയാണ് ഇവര്‍ ത്‌ലാവോ ത്‌ലാ മലയുടെ മുകളിലെത്തുന്നത്. 5 ജി ഇന്റര്‍നെറ്റിനായി രാജ്യം കാത്തിരിക്കുമ്പോള്‍ ഈ ഗ്രാമത്തിലിപ്പോഴും 2 ജി നെറ്റ് വര്‍ക്കാണ് നിലവില്‍. 

മുളകളും വാഴയിലയും ടാര്‍പ്പോളിനും ഉപയോഗിച്ച് ഒരു താത്ക്കാലിക ഷെഡ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനായി നിര്‍മിച്ചിട്ടുണ്ട്. ഇത് വെയിലില്‍ നിന്നും മഴയില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നു. രണ്ട് ബെഞ്ചുകള്‍ വിദ്യാര്‍ഥികള്‍ തന്നെ മൂന്ന് കിലോമീറ്ററോളം ചുമന്ന് ഇവിടെ എത്തിച്ചിട്ടുണ്ട്. അതിന് മുകളില്‍ വെച്ച് നിലത്തിരുന്നാണ് ഇവരുടെ പരീക്ഷയെഴുത്ത്. സംസ്ഥാനത്തുടനീളം 24,000 ത്തോളം വിദ്യാര്‍ഥികള്‍ക്കാണ് മിസോറാം യൂണിവേഴ്‌സിറ്റി ജൂണ്‍ മാസത്തില്‍ പരീക്ഷ നടത്തുന്നത്.

ഗ്രാമത്തില്‍ 4 ജി ഇന്റര്‍നെറ്റ് ഉണ്ടെങ്കിലും സ്ഥിരമല്ല. മാവ്‌ഹെരയ് ഗ്രാമത്തിന് ചുറ്റും മലനിരകളാണ്. സര്‍ക്കാരിനോട് പലതവണ വിഷമസ്ഥിതി വ്യക്തമാക്കിയിട്ടും പരിഹാരം ലഭിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. വാട്‌സാ ആപ്പിലോ മെയിലിലോ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് പേപ്പറില്‍ ഉത്തരമെഴുതി അതിന്റെ ചിത്രം പകര്‍ത്തിയാണ് യൂണിവേഴിസിറ്റിക്ക് അയക്കേണ്ടത്. മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷയ്ക്കായി സിഗ്നല്‍ തടസ്സമില്ലാതെ കിട്ടുന്ന സ്ഥലം നോക്കിയിരുന്നാണ് പരീക്ഷയെഴുത്തും ഉത്തരക്കടലാസിന്റെ ഫോട്ടോ അയക്കലും. 

കോവിഡ് വ്യാപനം മൂലം ക്ലാസ്സുകളും പരീക്ഷകളും ഓണ്‍ലൈനായതും നെറ്റ് വര്‍ക്ക് ലഭ്യതയില്‍ കുറവ് വരുത്തിയിട്ടുണ്ട്. മിസോറാമിലെ ഭൂരിഭാഗം വിദൂര ഗ്രാമങ്ങളിലും ഇതേ സ്ഥിതി തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.  മലമുകളില്‍ പോലും ചിലപ്പോള്‍ ഇന്റര്‍നെറ്റ് പ്രശ്‌നമുണ്ടാകാറുണ്ടെന്നും അത് വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നതായും ഗ്രാമവാസികള്‍ പറയുന്നു. 

 

Content Highlights: No Internet, Mizoram Students Climb Hill To Catch Signal For Online Test