ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഫലമായി എത്ര രൂപയുടെ കള്ളപ്പണം പിടികൂടാന്‍ സാധിച്ചു എന്നതു സംബന്ധിച്ച് ഒരുവിധത്തിലുള്ള കണക്കുകളും തങ്ങളുടെ കൈവശമില്ലെന്ന് റിസര്‍വ്വ് ബാങ്ക്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ നിക്ഷേപങ്ങളിലൂടെ എത്ര കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന കാര്യത്തിലും കണക്കുകള്‍ ലഭ്യമല്ലെന്നും റിസര്‍വ്വ് ബാങ്ക് പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ വ്യക്തമാക്കി.

15.28 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകളാണ് ഇതുവരെ റിസര്‍വ്വ് ബാങ്കില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ ആധികാരികതയും ഉറവിടവും സംബന്ധിച്ച സൂക്ഷ്മ പരിശോധനകള്‍ നടന്നുവരികയാണ്. ബാങ്കുകള്‍ മുഖേനയും പോസ്റ്റ് ഓഫീസുകള്‍ മുഖേനയും തിരികെ സ്വീകരിച്ച 500, 1,000 നോട്ടുകളില്‍  ഒരു ഭാഗം ഇപ്പോഴും പല കറന്‍സി ചെസ്റ്റുകളില്‍തന്നെയാണുള്ളത്. ഈ പണം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തും. 

വലിയ അളവിലുള്ള നോട്ടുകള്‍ തിരികെ വന്നതിനാല്‍ പഴയ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയാകാന്‍ സമയമെടുക്കും. പരമാവധി കാര്യക്ഷമതയോടെ പരിശോധന നടന്നുവരികയാണ്. പല റിസര്‍വ്വ് ബാങ്ക് ഓഫീസുകളും രണ്ട് ഷിഫ്റ്റുകളിലായി അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടെയാണ് ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. നോട്ട് നിരോധനം എങ്ങനെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ ഇടിവിന് കാരണമായെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാറായില്ല. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന 2016-17 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നോട്ടു നിരോധനത്തിനും മുന്‍പ് ആരംഭിച്ച കാലയളവിലുള്ളതാണെന്ന് റിസര്‍വ്വ് ബാങ്ക് ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഒരു ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളതെന്ന് റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2016 നവംബര്‍ എട്ടിന് 15.44 ലക്ഷം കോടിയുടെ നോട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഇതില്‍ 15.28 ലക്ഷം കോടി തിരികെയെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 

6.7ലക്ഷം കോടിയുടെ ആയിരം രൂപ നോട്ടുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതില്‍ 8900 കോടി രൂപയുടെ ആയിരം രൂപ നോട്ടുകള്‍ ഒഴിച്ചുള്ളവ തിരികെയെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് കള്ളപ്പണം വലിയതോതില്‍ വ്യാപകമായിരുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയുന്നതായിരുന്നു ആര്‍ബിഐയുടെ റിപ്പോര്‍ട്ട്.