പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI
ന്യൂഡല്‍ഹി: കഴിഞ്ഞ 6 മാസത്തിനിടെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണരേഖ മറികടക്കാന്‍ നിരവധി ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നുവെന്ന റിപ്പോര്‍ട്ടുകളെ ലഘൂകരിച്ചുകൊണ്ട് 'നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍' ഉണ്ടായിട്ടുണ്ട് എന്നാണ് കേന്ദ്രം വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത കേന്ദ്രം നല്‍കിയിട്ടില്ല.
കഴിഞ്ഞ ആറ് മാസത്തിനിടെ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള അതിര്‍ത്തി ലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ ഇതിനെതിരെ സ്വീകരിച്ചത് എന്ന ബിജെപി എംപിയായ അനില്‍ അഗര്‍വാള്‍ നല്‍കിയ ചോദ്യത്തിനാണ് കേന്ദ്രം രേഖാമൂലം മറുപടി നല്‍കിയത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അതിര്‍ത്തി ലംഘനങ്ങള്‍ ഉണ്ടായിട്ടില്ല. അതേസമയം കഴിഞ്ഞ ഫെബ്രുവരി മുതല്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് 47 തവണ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായതായും നിത്യാനന്ദ റായ് വിശദീകരിച്ചു.
അതേസമയം ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യടക്കിയെന്ന വാദത്തെ തുടര്‍ന്ന് കഴിഞ്ഞ മെയ് മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈന്യം തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇത് പരിഹരിക്കാനുള്ള നയതന്ത്രചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ക്കിടയിലും ചൈനയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിലംഘനമുണ്ടായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണം വിവാദങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.
അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ എന്തുകൊണ്ടാണ് മേഖലയിലെ സ്റ്റാറ്റസ് കോ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നതും, വിഷയം ചര്‍ച്ച ചെയ്യാന്‍ നയതന്ത്രതല, സൈനിക തല ചര്‍ച്ചകള്‍ നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായതായും എന്നാല്‍ ഇന്ത്യ ഇത് പരാജയപ്പെടുത്തിയെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..