മുംബൈ: അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ് സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം നിലവില്‍ എവിടെയാണ് ഉള്ളതെന്ന് വെളിപ്പെടുത്താതെ പരംബീര്‍ സിങ്ങിന്റെ ഹര്‍ജി പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. ഇന്ത്യയിലാണോ അതോ വിദേശത്താണോ ഉള്ളതെന്ന് പരംബീര്‍ സിങ് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

''എവിടെയാണ് പരംബീര്‍ സിങ് ഉള്ളത്? അന്വേഷണവുമായി അദ്ദേഹം സഹകരിക്കുന്നില്ല. എവിടെയാണ് അദ്ദേഹം ഉള്ളതെന്ന് കോടതിക്കും അറിയില്ല''. ഇത്തരം സംഭവങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ വിശ്വാസ്യത സംബന്ധിച്ചും ആശങ്കകളുണ്ടാക്കുന്നുവെന്ന് കോടതി പറഞ്ഞു. 

പരംബീര്‍ സിങ്ങില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് നവംബര്‍ 22ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തു. 

ഭീഷണിപ്പെടുത്തി പണംപിരിച്ചുവെന്ന പരാതിയില്‍ മൂന്നുകേസുകളിലായി ജാമ്യമില്ലാ വാറന്റ് നേരിടുന്ന സിങ് വിദേശത്തേക്കു കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പരംബീര്‍ സിങ്ങ് മുപ്പത് ദിവസത്തിനുള്ളില്‍ കീഴടങ്ങിയിട്ടില്ലെങ്കില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്ന മുംബൈ പോലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇക്കാര്യം കാണിച്ചുകൊണ്ട് പോലീസ് പത്രങ്ങളില്‍ പരസ്യംചെയ്യും. മലബാര്‍ഹില്ലിലെ സിങ്ങിന്റെ വീടിനുമുന്നില്‍ കോടതിവിധി പതിക്കുകയും ചെയ്യും. 30 ദിവസത്തിനകം കീഴടങ്ങിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള നടപടി സ്വീകരിക്കും.

പണപ്പിരിവ് കേസിലും സമാനമായ മറ്റ് രണ്ട് കേസിലും പരംബീര്‍ സിങ്ങിനെതിരെ അഞ്ച് കേസുകളും ജാമ്യമില്ലാ വാറന്റുമാണ് നിലവിലുള്ളത്. എന്നാല്‍ സെപ്തംബര്‍ മുതല്‍ പരംബീര്‍ സിങ്ങ് ഒളിവിലാണ്. 

Content Highlights: No hearing until Param Bir Singh tells where he’s hiding: SC on protection from arrest plea